ചാണകത്തിൽ നിന്ന് വാഹന ഇന്ധനം; ഇന്ത്യയുടെ ഊർജഭാവിക്ക് പുതിയ വഴിതുറന്ന് ബയോ സിഎൻജി പദ്ധതി

ചാണകത്തിൽ നിന്ന് വാഹന ഇന്ധനം; ഇന്ത്യയുടെ ഊർജഭാവിക്ക് പുതിയ വഴിതുറന്ന് ബയോ സിഎൻജി പദ്ധതി


ന്യൂഡൽഹി: ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും കാർഷിക മാലിന്യങ്ങളെ മൂല്യവർധിത ഉൽപ്പന്നമാക്കാനുമായി ചാണകത്തിൽ നിന്ന് ബയോസിഎൻജി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിക്ക് വേഗം കൂട്ടുന്നു. വാഹന നിർമാതാക്കളായ സുസുക്കിയും ഗുജറാത്തിലെ ബനാസ് ഡയറിയും ചേർന്ന് നടപ്പാക്കുന്ന മാതൃകാ പദ്ധതി രാജ്യവ്യാപകമാക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇന്ത്യയും ജപ്പാനും ചേർന്ന് രാജ്യത്ത് 1,000 ബയോസിഎൻജി പ്ലാന്റുകൾ സ്ഥാപിക്കാൻ ധാരണയിലെത്തി.

ഗുജറാത്തിലെ ബനാസ്-സുസുക്കി പ്ലാന്റിൽ പ്രതിദിനം 88 ടൺ ചാണകം സംസ്‌കരിച്ച് ബയോ ാേസിഎൻജി ഉൽപ്പാദിപ്പിക്കുന്നു. കിലോഗ്രാമിന് 80 രൂപ നിരക്കിലാണ് ഇന്ധനം ലഭ്യമാക്കുന്നത്. 16 ഗ്രാമങ്ങളിൽ നിന്നുള്ള കർഷകർ ചാണകം എത്തിക്കുന്നതിനാൽ അവർക്ക് അധിക വരുമാനവും ലഭിക്കുന്നു. പ്ലാന്റിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് പ്രതിദിനം 600ലധികം വാഹനങ്ങൾ സർവീസ് നടത്തുന്നു. ഗ്യാസ് ഉൽപ്പാദനത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ ജൈവവളമായി കർഷകർക്ക് തിരികെ നൽകുകയും ചെയ്യുന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഇന്ധന വിപണിയെ ബാധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര ഊർജ സ്രോതസ്സുകൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതി. ബയോസി എൻജി ഉൽപ്പാദകരെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ ആനുകൂല്യങ്ങളും പരിഗണിക്കുന്നുണ്ട്.

എന്നാൽ രാജ്യത്തുടനീളം 1,000 പ്ലാന്റുകൾ സ്ഥാപിക്കാൻ വൻ നിക്ഷേപവും ശക്തമായ ശേഖരണവിതരണ സംവിധാനവും ആവശ്യമാണ്. ഈ വെല്ലുവിളികൾ മറികടക്കാനായാൽ ഇന്ത്യയുടെ ഗതാഗതഊർജ മേഖലയിൽ നിർണായക മാറ്റത്തിന് ചാണകം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.