ചണ്ഡീഗഢ്: ഹൈദരാബാദില്‍ നിന്ന് ചണ്ഡീഗഢിലേക്ക് എത്തിയ ഇന്‍ഡിഗോയുടെ 6ഇ108 വിമാനത്തില്‍ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചെന്ന സംശയത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 3.50ഓടെ വിമാനം ഇറങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതനുസരിച്ച് 39സി സീറ്റിലിരുന്ന ഒരു യാത്രക്കാരന്‍ ആദ്യം വിവരം നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പുക വിമാനത്തിനകത്ത് പടര്‍ന്നതോടെ, ജീവനക്കാര്‍ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിച്ചു.
വൈകുന്നേരം 4 മണിയോടെ വിമാനം സുരക്ഷിതമായി ചണ്ഡിഗഡ് വിമാനത്താവളത്തില്‍ ഇറക്കിയതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വിമാനത്തെ ബേ 1-ലേക്ക് മാറ്റി.
രണ്ട് ശിശുക്കള്‍ ഉള്‍പ്പെടെ ഏകദേശം 200 യാത്രക്കാരേയും ആറു ജീവനക്കാരേയും സുരക്ഷിതരാക്കുന്നതിനായി 4.25ഓടെ അടിയന്തര വാതിലുകള്‍ തുറന്ന് സ്ലൈഡ് ഉപയോഗിച്ച് എല്ലാവരെയും പുറത്തിറക്കി. തിരക്കിനിടെ ചിലര്‍ക്കു ചെറിയ പരിക്കുകളുണ്ടായി.
റിച്ച എന്ന യാത്രക്കാരിക്ക് കാല്‍മുട്ടിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഗോവയില്‍ നിന്ന് കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന അവര്‍ ഇപ്പോള്‍ സിറക്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
