ന്യൂഡൽഹി: വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് അയാൾക്കെതിരെ ബലാത്സംഗക്കേസ് നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരേയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.
വിവാഹമോചന ഹർജി പരിഗണിക്കാനിരിക്കുന്ന 33 വയസുള്ള അഭിഭാഷകയും വിവാഹിതയായ അമ്മയുമാണ് പരാതിക്കാരി. പരാതിക്കാരിയുടെ വിവാഹമോചനം ഇപ്പോഴും തീർപ്പാക്കാത്തതിനാൽ, ആരോപിക്കപ്പെട്ട ബന്ധത്തിന്റെ മുഴുവൻ കാലയളവിലും അവൾ നിയമപരമായി വിവാഹിതയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. അത്തരം സന്ദർഭങ്ങളിൽ, സ്ത്രീയുടെ വിവാഹം നിലനിൽക്കുന്നതിനാൽ അവർക്ക് നിയമപരമായി മറ്റൊരു വിവാഹം കഴിക്കാൻ അർഹതയില്ലെന്നും, അതിനാൽ 'വിവാഹ വാഗ്ദാനം ലംഘിച്ചു' എന്ന വാദം ഉന്നയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധങ്ങൾ വഷളാകുമ്പോൾ ബലാത്സംഗക്കേസുകൾ ഫയൽ ചെയ്ത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.
1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5 (ശ) പ്രകാരം, ജീവിച്ചിരിക്കുന്ന പങ്കാളി ഉള്ളപ്പോൾ മറ്റൊരു വിവാഹം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതിനാൽ, ബന്ധത്തിലായിരുന്ന സമയത്തോ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത തീയതിയിലോ പരാതിക്കാരി വിവാഹിതയായിരുന്നുവെങ്കിൽ, പ്രതി നൽകിയ വിവാഹ വാഗ്ദാനത്തിന് നിയമസാധുതയില്ല.
ഇതൊരു പരസ്പര സമ്മതത്തോടെയുള്ള ബന്ധം വഷളായതിന്റെ ഉദാഹരണമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു അഭിഭാഷകനെതിരെ സഹപ്രവർത്തക നൽകിയ പരാതി റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഈ ഉത്തരവ്.
ബലാത്സംഗ നിയമങ്ങൾ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, യഥാർത്ഥ കേസുകൾ തിരിച്ചറിയുന്നതിൽ കോടതികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബെഞ്ച് ഓർമിപ്പിച്ചു. കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോൾ നിയമപരമായ ഘടകങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി നിലനിൽക്കില്ല: സുപ്രീം കോടതി
