പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യം സുപ്രം കോടതി സ്‌റ്റേ ചെയ്തു

പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യം സുപ്രം കോടതി സ്‌റ്റേ ചെയ്തു


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത് സുപ്രിം കോടതി. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ ഭാര്യക്കെതിരായ ആരോപണത്തില്‍ അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

തെലങ്കാന ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിനായി അസം ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ അസം സര്‍ക്കാരാണ് സുപ്രിം കോടതിയെ സമീപിച്ചത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയ്ക്ക് മൂന്നു രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുണ്ടെന്നും ദുബായിയില്‍ രഹസ്യ ആസ്തികളുണ്ടെന്നും ഖേര ആരോപിച്ചിരുന്നു. നാമനിര്‍ദേശ പത്രികയില്‍ നിന്നു ഹിമന്ത ഇക്കാര്യം മറച്ചുവച്ചെന്നും ഖേര പറഞ്ഞിരുന്നു.

ഇതിനെതിരെ റിനികി നല്‍കിയ പരാതിയില്‍ അസം പൊലീസ് കഴിഞ്ഞ ദിവസം ഖേരയുടെ ഡല്‍ഹിയിലെ വസതിയില്‍ പരിശോധന നടത്തിയിരുന്നു. വ്യാജരേഖ ചമയ്ക്കുന്നതിനും അപകീര്‍ത്തിക്കുമടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണു ഖേരയെക്കെതിരെ കേസെടുത്തത്.