ഹിന്ദു, ബുദ്ധ, സിഖ് അല്ലാത്ത മതം സ്വീകരിച്ചാല്‍ പട്ടികജാതി പദവി നഷ്ടമാകുമെന്ന് സുപ്രിം കോടതി

ഹിന്ദു, ബുദ്ധ, സിഖ് അല്ലാത്ത മതം സ്വീകരിച്ചാല്‍ പട്ടികജാതി പദവി നഷ്ടമാകുമെന്ന് സുപ്രിം കോടതി


ന്യൂഡല്‍ഹി: ഹിന്ദു, ബുദ്ധ, സിഖ് എന്നിവയല്ലാതെ മറ്റേതെങ്കിലും മതം സ്വീകരിച്ചാല്‍ പട്ടികജാതി പദവി പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്ന് സുപ്രിം കോടതി  വ്യക്തമാക്കി. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി ശരി വെച്ചാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

ക്രിസ്തുമതത്തിലേക്ക് മതംമാറ്റം നടത്തി അതിനെ സജീവമായി അനുസരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരാളെ പട്ടികജാതി സമൂഹത്തിലെ അംഗമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു, സിഖ് , ബുദ്ധ മതങ്ങളല്ലാതെ മറ്റേതെങ്കിലും മതം അനുഷ്ഠിക്കുന്നവര്‍ക്ക് പട്ടികജാതി അംഗത്വം അവകാശപ്പെടാന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവ് ഇതിനെ വ്യക്തമായി നിര്‍ദേശിക്കുന്നതാണെന്നും അതിലെ നിയന്ത്രണം സമ്പൂര്‍ണ്ണമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 1950ലെ ഉത്തരവിലെ ക്ലോസ് 3ല്‍ ഉള്‍പ്പെടാത്ത മതത്തിലേക്കുള്ള മതംമാറ്റം, ജന്മപരമായ പശ്ചാത്തലം എന്തുമാകട്ടെ, പട്ടികജാതി പദവി ഉടന്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് കോടതി വ്യക്തമാക്കി.

ക്ലോസ് 3 പ്രകാരം പട്ടികജാതി അംഗമായി പരിഗണിക്കപ്പെടാത്ത ഒരാള്‍ക്ക് ഭരണഘടനയിലോ പാര്‍ലമെന്റിലോ സംസ്ഥാന നിയമസഭകളിലോ ഉള്ള ഏതെങ്കിലും നിയമപ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍, സംരക്ഷണം, സംവരണം തുടങ്ങിയവ ഒന്നും അവകാശപ്പെടാന്‍ കഴിയില്ല. ഈ നിരോധനം പൂര്‍ണ്ണമാണ്. ഇതിന് വിട്ടുവീഴ്ചയില്ല. ക്ലോസ് 3ല്‍ പരാമര്‍ശിക്കുന്ന മതങ്ങള്‍ക്കു പുറത്തുള്ള മതം അനുഷ്ഠിക്കുകയും ഒരേസമയം പട്ടികജാതി അംഗത്വം അവകാശപ്പെടുകയും ചെയ്യാന്‍ ഒരാള്‍ക്കാവില്ല എന്നും കോടതി വ്യക്തമാക്കി.

ക്രിസ്തുമതത്തിലേക്ക് മതംമാറ്റം നടത്തി പാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ തനിക്കെതിരെ ആക്രമണം നടന്നുവെന്ന് ആരോപിച്ച് പട്ടികജാതി- പട്ടികവര്‍ഗ്ഗ (അത്യാചാരങ്ങള്‍ തടയല്‍) നിയമപ്രകാരം കേസ് ഫയല്‍ ചെയ്ത സാഹചര്യത്തിലായിരുന്നു വിധി.  ക്രിസ്ത്യന്‍ മതം സ്വീകരിച്ച് അതിനെ സജീവമായി അനുഷ്ഠിക്കുന്നതിനാല്‍ നിയമപരമായി അദ്ദേഹം പട്ടികജാതി അംഗമല്ലെന്ന് പ്രതികള്‍ വാദിച്ചു.

2025 ഏപ്രില്‍ 30നുള്ള ഉത്തരവില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി ക്രിസ്തുമതത്തില്‍ ജാതിവ്യവസ്ഥ നിലവിലില്ലാത്തതിനാല്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ നിയമത്തിലെ വ്യവസ്ഥകള്‍ പ്രയോഗിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ക്രിസ്തുമതത്തിലേക്ക് മതം മാറ്റം നടത്തിയ പരാതിക്കാരന്‍ നല്‍കിയ കേസ് ജസ്റ്റിസ് ഹരിനാഥ് എന്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ പാസ്റ്റര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്രയും മന്മോഹനും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത് പരാതിക്കാരന്‍ വീണ്ടും തന്റെ പഴയ മതത്തിലേക്ക് മടങ്ങിയതായി അല്ലെങ്കില്‍ മദിഗ സമൂഹത്തില്‍ വീണ്ടും ഉള്‍ക്കൊള്ളപ്പെട്ടതായി യാതൊരു തെളിവുമില്ലെന്നും മറിച്ച് അദ്ദേഹം പതിറ്റാണ്ടിലേറെയായി ക്രിസ്ത്യന്‍ മതം അനുഷ്ഠിക്കുകയും പാസ്റ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തതായി തെളിവുകള്‍ വ്യക്തമാക്കുന്നുവെന്നുമാണ്. സംഭവ ദിവസത്തിലും അദ്ദേഹം പ്രാര്‍ഥനാ യോഗം നടത്തുകയായിരുന്നു. അതിനാല്‍, സംഭവസമയത്ത് അദ്ദേഹം ക്രിസ്ത്യാനിയായിരുന്നുവെന്നത് സംശയാതീതമാണെന്നും സുപ്രിം കോടതി വിധിയില്‍ പറഞ്ഞു. 

പട്ടികജാതി- പട്ടികവര്‍ഗ്ഗ (അത്യാചാരങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ക്കും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കീഴില്‍ കേസെടുത്ത പശ്ചാത്തലത്തിലാണ് ഈ വിധി.

പിറ്റലവനിപാലം ഗ്രാമത്തില്‍ ഞായറാഴ്ച പ്രാര്‍ഥനകള്‍ നടത്തിവന്നിരുന്ന പാസ്റ്ററായ പരാതിക്കാരന്‍ പ്രതികള്‍ തനിക്കെതിരെ ആക്രമണം നടത്തുകയും ജീവഹാനി ഭീഷണി മുഴക്കുകയും ജാതിപരമായി അധിക്ഷേപിക്കുകയും ചെയ്തതായി ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുകയും ചെയ്തു.

ഇതിന് എതിരായി പ്രതി ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു. പരാതിക്കാരന്‍ ക്രിസ്തുമതത്തിലേക്ക് മതംമാറ്റം നടത്തിയതിനാല്‍ പട്ടികജാതി അംഗമല്ലെന്നും അതിനാല്‍ എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കുന്നത് നിയമവിരുദ്ധമാണെന്നും പ്രതി വാദിച്ചു.

അതേസമയം, പരാതിക്കാരന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഹിന്ദു- മദിഗ സമൂഹാംഗമാണെന്ന് തഹസില്‍ദാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അതിനാല്‍ നിയമപരമായ സംരക്ഷണം നിഷേധിക്കാനാവില്ലെന്നും മറുപക്ഷം വാദിച്ചു.

എന്നാല്‍, ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാത്തത് മാത്രം കൊണ്ട് എസ് സി/ എസ് ടി നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ലെന്നും മതം മാറ്റത്തിന് ശേഷം ആ അവകാശം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ പരിഗണിക്കേണ്ടതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.