മീനാക്ഷി നടരാന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി; തെരഞ്ഞെടുപ്പ് കമ്മീഷനേയോ ഹൈക്കോടതിയേയോ സമീപിക്കാം

മീനാക്ഷി നടരാന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി; തെരഞ്ഞെടുപ്പ് കമ്മീഷനേയോ ഹൈക്കോടതിയേയോ സമീപിക്കാം


ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക നിരസിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം. അല്ലെങ്കില്‍ ഹൈക്കോടതിയെയും സമീപിക്കാമെന്നും സുപ്രിം കോടതി പറഞ്ഞു. 

ഫലപ്രഖ്യാപനം ഉള്‍പ്പെടെ വന്ന സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രിം കോടതിക്ക് കഴിയില്ലെന്നും മുന്‍പ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അതിനാല്‍ തന്നെ ഹൈക്കോടതിയെയോ തെരഞ്ഞെടുപ്പ് കമ്മിഷനെയോ സമീപിക്കണെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

ക്രമിനല്‍ കേസുമായി ബന്ധപ്പെട്ട വിവരം മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയത്. ഇതോടെ മധ്യപ്രദേശിലെ മൂന്ന് ബി ജെ പി സ്ഥാനാര്‍ഥികളെയും വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് മീനാക്ഷി നടരാജന്റേയും കോണ്‍ഗ്രസിന്റേയും അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി സ്വീകരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം താത്ക്കാലികമായി പ്രഖ്യാപിക്കാതിരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നില്ല.