ന്യൂഡല്‍ഹി: തെളിവ് നശിപ്പിച്ച കേസില്‍ തന്റെ ശിക്ഷ റദ്ദാക്കണമെന്ന കേരള മുന്‍മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി.
തന്റെ ശിക്ഷ റദ്ദാക്കാന്‍ തയ്യാറാകാതിരുന്ന കേരള ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.
1990-ല്‍ ജൂനിയര്‍ അഭിഭാഷകനായിരുന്ന രാജു ഒരു ഓസ്ട്രേലിയന്‍ പൗരനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ തെളിവുകള്‍ നശിപ്പിച്ചതായി ആരോപിക്കപ്പെട്ട സംഭവത്തിലാണ് കേസ്. നിര്‍ണായക തെളിവായ അടിവസ്ത്രം മാറ്റിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചു.
വര്‍ഷങ്ങളായി നടന്ന നീണ്ട വിചാരണയ്ക്ക് ശേഷം 2026 ജനുവരിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 34നോടൊപ്പം 120ബി, 420, 201, 193, 217 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ കോടതി രാജുവിനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജുവിന്റെ നിയമസഭാംഗത്വം നഷ്ടപ്പെടുകയും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു.
നിയമപരമായ അയോഗ്യത നീക്കം ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നതിനും വേണ്ടിയാണ് രാജു തന്റെ ശിക്ഷ താത്ക്കാലികമായി റദ്ദാക്കാന്‍ ശ്രമിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയുമെന്ന കാരണത്താല്‍ മാത്രം ശിക്ഷ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
