ന്യൂഡൽഹി: രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധങ്ങൾക്കും ലഭിക്കുന്ന നിയമപരമായ സംരക്ഷണം നഷ്ടപ്പെടുകയാണോയെന്ന ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് ആഴ്ചകളോളം ജാമ്യം നിഷേധിച്ച് ജയിലിൽ ഇടുന്നതും കുറ്റകരമല്ലാത്ത ചില പ്രവൃത്തികൾക്ക് പോലും ദീർഘകാലം മനുഷ്യർ ജയിലിൽ കഴിയേണ്ടി വരുന്ന സാഹചര്യവും ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ചൂണ്ടിക്കാട്ടി.
ഗംഗയിൽ വച്ച് ചിക്കൻ ബിരിയാണി കഴിച്ചാൽ എങ്ങനെ കുറ്റമാകും? ഗംഗാനദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഞാൻ കരുതുന്നില്ല. യാതൊരു നിയമലംഘനവും ഇല്ലാതിരുന്നിട്ടും മാസങ്ങളോളം ഇതിന്റെ പേരിൽ വ്യക്തികളെ തടങ്കലിൽ വെക്കുന്നത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഗംഗാനദിയിലെ ബോട്ടിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചതിന് മൂന്ന് മാസത്തോളം ജയിലിൽ കഴിയേണ്ടിവന്ന മുസ്ലീം ചെറുപ്പക്കാരുടെ കേസ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭോപ്പാലിൽ നാഷണൽ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അഞ്ചാമത് ജസ്റ്റിസ് ജി പി സിംഗ് മെമ്മോറിയൽ ലക്ചറിന്‍റെ ഭാഗമായി സംസാരിക്കവെയാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാന്‍റെ പരാമർശം. ജനാധിപത്യത്തിന്‍റെ ആത്മാവ് സംവാദവും വിയോജിപ്പും ആണെന്നും, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും അടിസ്ഥാന അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ സാധാരണ ജനാധിപത്യ പ്രവർത്തനങ്ങൾ പോലും ഇന്ന് പലപ്പോഴും കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്നും അദ്ദേഹം നിരീക്ഷിച്ചു. അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും 30 മുതൽ 40 ദിവസം വരെ ജാമ്യം പോലും നൽകാതെ ഇരിക്കുന്ന സംഭവങ്ങൾ വർധിക്കുന്നുണ്ട്. കേസിൽ ജാമ്യം അനുവദിക്കുമ്പോൾ പൊതുയോഗങ്ങളിൽ സംസാരിക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും കോടതികൾ കർശന വിലക്കുകൾ ഏർപ്പെടുത്തുന്നത് സ്വയം സെൻസർഷിപ്പിന് വഴിവെക്കുമെന്നും ഇത് പൗരന്മാരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ജയിലിൽ, ഗംഗയിൽ ചിക്കൻ ബിരിയാണി കഴിച്ചാൽ പോലും ജാമ്യമില്ല': ആശങ്ക പങ്കുവെച്ച് സുപ്രീംകോടതി ജഡ്ജി
