കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പിഴയിട്ട് സുപ്രിം കോടതി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പിഴയിട്ട് സുപ്രിം കോടതി


ന്യൂഡല്‍ഹി: മുന്‍ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജര്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതിയുടെ പിഴ. കോടതിയെ തെറ്റായ വിവരം അറിയിച്ചതിനാണ് കാല്‍ലക്ഷം രൂപ കേന്ദ്ര സര്‍ക്കാറിന് സുപ്രിം കോടതി പിഴയിട്ടത്. 

കോടതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തെറ്റായ വിവരം നല്‍കിയത്. മുന്‍ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജര്‍ കേസ് പരിഗണിച്ച സമയത്ത് നെതര്‍ലന്‍ഡിലേക്ക് പോവേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ കേരളത്തോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തരമൊരു പട്ടിക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ മറുപടിയില്‍ സംശയം തോന്നിയ കോടതി വ്യക്തത വരുത്താന്‍ ആവശ്യപ്പെടുകയും  ഉച്ചക്ക് ശേഷം കോടതി കൂടിയപ്പോള്‍ കേരളം പട്ടിക സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കുകയുമായിരുന്നു. അതോടെ കോടതിയെ വിഡ്ഡിയാക്കാനാണോ നിങ്ങള്‍ നോക്കുന്നതെന്ന ചോദ്യം കോടതി ഉന്നയിക്കുകയായിരുന്നു. അതിനു പിന്നാലെയാണ് പിഴ ചുമത്തിയത്. 

ആദ്യം അരലക്ഷം രൂപയാണ് പിഴ ചുമത്തിയതെങ്കിലും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥന പ്രകാരം തുക കാല്‍ലക്ഷം രൂപയാക്കി കുറക്കുകയായിരുന്നു. തുക ആഭ്യന്തര മന്ത്രാലയമാണ് നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ ഇത്തരം വ്യക്തതയില്ലാത്ത മറുപടിയുമായി എത്തരുതെന്നും കോടതി താക്കീത് നല്‍കി.