വയനാട് തുരങ്ക പാതയുടെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി തള്ളി

വയനാട് തുരങ്ക പാതയുടെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി തള്ളി


ന്യൂഡല്‍ഹി: കോഴിക്കോട്- വയനാട് തുരങ്ക നിര്‍മ്മാണത്തിന് കേരളത്തില്‍ നല്‍കിയ പരിസ്ഥിതി അനുമതി ചോദ്യം ചെയ്ത ഹര്‍ജി സുപ്രിം കോടതി തള്ളി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ നിര്‍മാണത്തിനിടെ പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. 

വാദം കേള്‍ക്കുന്നതിനിടെ പദ്ധതി 'ദേശീയ പ്രാധാന്യമുള്ളതാണ്' എന്നും ഉയര്‍ന്ന ജനസാന്ദ്രതയും ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടും കാരണം റോഡുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പുതിയ 'ലൈഫ്ലൈന്‍' നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.

വിദഗ്ധര്‍ ഈ വിഷയം പരിഗണിക്കുകയും പരിസ്ഥിതി ആശങ്കകള്‍ പരിഹരിക്കുന്നതിന് സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

കോഴിക്കോട്, വയനാട് ജില്ലകളില്‍ നേരിട്ട് കണക്റ്റിവിറ്റി നല്‍കുന്നതിന് നാല് വരിയില്‍ ഇരട്ട ട്യൂബ് ടണല്‍ റോഡ് നിര്‍മ്മിക്കുന്നതിന് കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് പാരിസ്ഥിതിക അനുമതി നല്‍കിയത്. 

കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 

ഇരട്ട ട്യൂബ് ടണല്‍ റോഡിന് പശ്ചിമഘട്ടത്തിലൂടെ 8.735 കിലോമീറ്ററാണ് ദൂരം.

2025 ഡിസംബറില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് സംഘടന സുപ്രിം കോടതിയെ സമീപിച്ചത്. 

വയനാട് പരിസ്ഥിതി ലോലമായ പ്രദേശമാണെന്നും മണ്ണിടിച്ചില്‍ സാധ്യതയുള്ളതാണെന്നും വിവിധ അപൂര്‍വ ഇനം മൃഗങ്ങളുടെയും പക്ഷികളുടെയും സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനാണ് ഹാജരായത്.

കേന്ദ്ര സര്‍ക്കാരാണ് വിലയിരുത്തല്‍ നടത്തേണ്ടതെന്നും സംസ്ഥാന തലത്തില്‍ അത് ചെയ്തത് സെയ ആണെന്നും അദ്ദേഹം വാദിച്ചു, ഇത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നീലഗിരി ജൈവമണ്ഡലം 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്നതും 2024 ജൂലൈയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതും നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായതും വയനാട് ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതി ദേശീയ പ്രാധാന്യമുള്ളതാണെന്നും വിദഗ്ധര്‍ ആശങ്കകള്‍ പരിഹരിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും റോഡുകളിലും ഹൈവേകളിലും ഉണ്ടാകുന്ന തിരക്ക് നോക്കണമെന്നും ഭൂമി ലഭ്യതയുടെ കാര്യത്തില്‍ കേരളത്തിന് അതിന്റേതായ പരിമിതികളുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 

തടസ്സവുമില്ലാതെ പദ്ധതി നടപ്പിലാക്കിയാല്‍ അത് ജനങ്ങളുടെ ജീവനാഡിയായി മാറുമെന്നും വന്യജീവികളെ സംരക്ഷിക്കാന്‍ ഏറ്റവും നല്ലത് തുരങ്ക സംവിധാനമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. 

കേന്ദ്ര സര്‍ക്കാരും ഹൈക്കോടതിയില്‍ ഒരു കക്ഷിയാണെന്നും അവര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു. 

സംസ്ഥാനത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറും യൂണിയനെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജും ഹാജരായി.