ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രിം കോടതി, സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുചേരുന്നവരെ നിയമാനുസൃത നടപടിക്രമങ്ങളല്ലാതെ തടങ്കലില്‍വയ്ക്കരുതെന്ന് നിര്‍ദേശിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബി എന്‍ എസ് എസ്) 163-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുള്ള പ്രദേശത്തിന് പുറത്തുള്ള ഒത്തുചേരലുകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഞായറാഴ്ച പ്രത്യേക സിറ്റിംഗില്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. സുപ്രിംകോടതിക്ക് സമീപം ബി എന്‍ എസ് എസ് 163-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ സംബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡ് നീക്കിയിട്ടില്ലെങ്കില്‍ ഉടന്‍ നീക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതികളിലേക്കുള്ള പ്രവേശനത്തിനോ നീതിന്യായം തേടുന്നതിനോ തടസ്സമുണ്ടാകുമെന്ന ആശങ്ക ഒഴിവാക്കുകയാണ് ലക്ഷ്യം.
പൊതുസമാധാനം സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ ഭരണഘടനയുടെ 19(2) അനുച്ഛേദപ്രകാരം നിയന്ത്രണങ്ങള്‍ അനിവാര്യമാകുന്ന സാഹചര്യങ്ങളിലൊഴികെ മെട്രോ, റെയില്‍ സര്‍വീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഗതാഗതനിയമങ്ങള്‍ പാലിച്ചുകൊണ്ട് നഗരത്തില്‍ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം അനുവദിക്കണം. നിയമവ്യവസ്ഥയും ഗതാഗത സാഹചര്യങ്ങളും പരിഗണിച്ച് ഏര്‍പ്പെടുത്തിയ ബാരിക്കേഡുകള്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സമില്ലാതെ തുടരണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, വിവരസാങ്കേതികവിദ്യാ നിയമപ്രകാരം അധികാരികള്‍ക്കുള്ള നിയമപരമായ അധികാരങ്ങള്‍ കോടതി എടുത്തുകളയുന്നില്ലെന്ന് ജസ്റ്റിസ് ബാഗ്ചി വാക്കാല്‍ വ്യക്തമാക്കി.
മെട്രോ സര്‍വീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം രാത്രി 10 മുതല്‍ എല്ലാ സ്റ്റേഷനുകളും തുറന്നിട്ടുണ്ടെന്നും ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാണെന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഡല്‍ഹി മെട്രോയുടെ 57 സ്റ്റേഷനുകള്‍ അടച്ചിടാനുള്ള മുന്‍ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് അധികൃതരോട് വെള്ളിയാഴ്ച കോടതി നിര്‍ദേശിച്ചിരുന്നു. ആവശ്യമായ സാഹചര്യങ്ങളില്‍ മെട്രോ, റെയില്‍ സര്‍വീസുകള്‍ നിയന്ത്രിക്കാമെങ്കിലും അവ പൂര്‍ണമായി നിരോധിക്കുന്നത് ഉചിതമല്ലെന്ന് അന്നത്തെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനയ്ക്കുശേഷമുള്ള തീരുമാനം പൊതുജനങ്ങളെ വ്യാപകമായി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
കോടതിയലക്ഷ്യ ഹര്‍ജിയിലെ വാദങ്ങളും രേഖകളും പരിശോധിച്ചശേഷം, ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്നവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ബന്ധപ്പെട്ടവര്‍ സത്യവാങ്മൂലവും മുന്‍ ഉത്തരവുകള്‍ പാലിച്ചതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. പരാമര്‍ശിക്കപ്പെട്ട മറ്റ് ഹര്‍ജികളും കോടതിയലക്ഷ്യ നടപടികളോടൊപ്പം പരിഗണിക്കാനും ബെഞ്ച് നിര്‍ദേശിച്ചു.
വാദത്തിനിടെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) എം പി മനോജ് ഝായ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, ട്രെയിനുകളില്‍നിന്നുള്‍പ്പെടെ പൊലീസ് ആളുകളെ പിടിച്ചുകൊണ്ടുപോകുകയാണെന്ന് ആരോപിച്ചു. ജന്തര്‍ മന്തറിന് ചുറ്റുമുള്ള നാലു കിലോമീറ്റര്‍ പരിധിക്ക് പുറത്തുള്ളവരെയും കസ്റ്റഡിയിലെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുത്തിയതായും വെള്ളിയാഴ്ചത്തെ കോടതി ഉത്തരവുണ്ടായിട്ടും 45 മെട്രോ സ്റ്റേഷനുകള്‍ അടഞ്ഞുകിടന്നതായും സിബല്‍ കോടതിയെ അറിയിച്ചു.
പ്രതിഷേധത്തിനിടെ തനിക്കും പൊലീസ് അതിക്രമം നേരിടേണ്ടിവന്നതായി മുതിര്‍ന്ന അഭിഭാഷകന്‍ ഷദാന്‍ ഫറാസത്തും കോടതിയില്‍ പറഞ്ഞു.
ഇത് അഭിഭാഷകരുടെ മാത്രം പ്രശ്‌നമല്ലെന്നും അഭിഭാഷകരെന്ന നിലയില്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്നും നഗരത്തിലെ സാഹചര്യം കടുത്ത നിയന്ത്രണങ്ങളുടേതായിരുന്നുവെന്നും അവിടെ നില്‍ക്കാന്‍പോലും ഒരാളെ അനുവദിച്ചില്ലെന്നും പറഞ്ഞ ഷദാന്‍ ഫറാസത്ത് തന്നെ പിടിച്ചുകൊണ്ടുപോയശേഷം ഓടിക്കൊണ്ടിരുന്ന ബസിലേക്ക് തള്ളിയിട്ടതായും പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പറഞ്ഞു.
പൊലീസ് ഭരണകൂടത്തിലേക്ക് ഒരു ചുവടുമാത്രം അകലെയായിരുന്നു എന്ന തോന്നലുണ്ടായതായും തലസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം പുനഃസ്ഥാപിക്കണമെന്നും ഫറാസത്ത് കോടതിയില്‍ വ്യക്തമാക്കി.
