തെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനെ വിമര്‍ശിച്ച് സുപ്രിം കോടതി

തെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനെ വിമര്‍ശിച്ച് സുപ്രിം കോടതി


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പൊതുഖജനാവിന് ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനെതിരെ സംസ്ഥാനങ്ങളെ വിമര്‍ശിച്ച് സുപ്രിം കോടതി. ഇതിനെ നിരുത്തരവാദപരവും അനാവശ്യവും എന്നാണ് കോടതി വിശേഷിപ്പിച്ചത്. തമിഴ്‌നാട്ടിലെ വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

വൈദ്യുതി വിതരണ കമ്പനികള്‍ക്ക് താരിഫും ബജറ്റ് കണക്കുക്കൂട്ടലുകളും ക്രമീകരിക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്ന സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപനത്തിന്റെ കാരണം വിശദീകരിക്കാന്‍ കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു.

അനിയന്ത്രിതമായ സൗജന്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസമാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പല സംസ്ഥാനങ്ങളിലും ക്ഷേമപദ്ധതികള്‍ പെട്ടെന്ന് പ്രഖ്യാപിച്ച സംഭവങ്ങളെക്കുറിച്ച് സുപ്രിം കോടതി പറഞ്ഞു. സൗജന്യങ്ങളുടെ ഭാരം ആത്യന്തികമായി നികുതിദായകരില്‍ പതിക്കുമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്.

2024ലെ വൈദ്യുതി ഭേദഗതി നിയമത്തിലെ 23-ാം ചട്ടം ചോദ്യം ചെയ്തുകൊണ്ട് തമിഴ്‌നാട് വൈദ്യുതി വിതരണ കമ്പനി ലിമിറ്റഡ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പെട്ടെന്നുള്ള നയപരമായ തീരുമാനങ്ങള്‍ ഏകപക്ഷീയത സൃഷ്ടിക്കുകയും നിയന്ത്രണ പ്രക്രിയകളെ തടസപ്പെടുത്തുകയും ചെയ്യുന്നു.അപ്പ്‌ലേറ്റ് ട്രൈബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റി പോലുള്ള ബോഡികളും വൈദ്യുത വിതരണ കമ്പനികളും താരിഫുകള്‍ നിര്‍ണയിക്കാന്‍ ഉത്തരവാദികളാണെന്നും അവസാന നിമിഷത്തെ സബ്‌സിഡികള്‍ വൈദ്യുതിക്ക് തുല്യമായ വില നിശ്ചയിക്കുന്നതിനും സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. വിവേചനമില്ലാതെ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ആശ്വാസത്തേക്കാള്‍ പ്രീണിപ്പിക്കല്‍ അടിസ്ഥാനമാക്കിയുള്ള സമീപനമായി മാറിയേക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.