ന്യൂഡല്‍ഹി: മറുനാടന്‍ മലയാളി എഡിറ്റല്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് നീക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളിലൂടെ കേരളത്തിലെ അജണ്ട സെറ്റ് ചെയ്യാനാണ് ഷാജന്‍ സ്‌കറിയ ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പി വി ശ്രീനിജന്‍ എം എല്‍ എ നല്‍കിയ പരാതിയില്‍ എസ് സി എസ് ടി ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ഷാജന്‍ സ്‌കറിയയുടെ കേസ് കോടതി വിധി പറയുന്നത് മാറ്റി.
സമൂഹത്തിലെ താഴെ തട്ടിലെ സ്ത്രീകളേയും പുരുഷന്മാരേയും ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകൡലൂടെയാണ് ഷാജന്‍ സ്‌കറിയ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി വി ദിനേശ് സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയില്‍ ഹാജരായി.
സുപ്രിം കോടതി ഇടപെട്ടതിന് ശേഷവും ശ്രീനിജിനെതിരെ ഷാജന്‍ സ്‌കറിയ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതിലൂടെ ക്രിമിനല്‍ ലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും സംസ്ഥാനം കോടതിയില്‍ വാദിച്ചു.
എസ് സി എസ് ടി ആക്ട് പ്രകാരമുള്ള കുറ്റം ഷാജന്‍ സ്‌കറിയ നടത്തിയതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് ശ്രീനിജിന്റെ അഭിഭാഷകന്‍ ഹാരിസ് ബീരാനും കോടതിയില്‍ വാദിച്ചത്. എന്നാല്‍ എസ് സി എസ് ടി ആക്ട് പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നാണ് ഷാജന്‍ സ്‌കറിയയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ വാദിച്ചത്. പരമാവധി മാനനഷ്ടക്കേസെടുക്കാന്‍ സാധിക്കുമെന്നും ലൂതറ വാദിച്ചെങ്കിലും കേരളം എതിര്‍ക്കുകയായിരുന്നു.