പരിശീലന പറക്കലിനിടെ സുഖോയ് 30 റഡാറില്‍ നിന്ന് അപ്രത്യക്ഷമായി

പരിശീലന പറക്കലിനിടെ സുഖോയ് 30 റഡാറില്‍ നിന്ന് അപ്രത്യക്ഷമായി


ഗുവാഹത്തി: അസമിലെ കാര്‍ബി ആംഗ്ലോങ് ജില്ലയില്‍ പരിശീലന പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. തുടര്‍ന്ന് അടിയന്തര തിരച്ചില്‍- രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

വിമാനം തകര്‍ന്നുവെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ വിമാനം കാണാതായ സമയത്തോട് അനുബന്ധിച്ച് പ്രദേശത്ത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറി കേട്ടതായി നാട്ടുകാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രാഥമിക വിവരങ്ങള്‍ പ്രകാരം, കാര്‍ബി ആംഗ്ലോങ് ജില്ലയില്‍ നടന്ന ഓപ്പറേഷണല്‍ സോര്‍ട്ടിക്കിടെ വൈകുന്നേരം ഏകദേശം 7 മണിയോടെയാണ് വിമാനവുമായി റഡാര്‍ ബന്ധം നഷ്ടമായത്. ഇത് ഇന്ത്യന്‍ വ്യോമസേനയില്‍ ആശങ്ക ഉയര്‍ത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിമാനത്തിന്റെ പൈലറ്റിനേയും കാണാനില്ല.  സംശയിക്കുന്ന പ്രദേശങ്ങളില്‍ അടിയന്തര തിരച്ചില്‍- രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക ഭരണകൂടവും സുരക്ഷാസേനകളും ചേര്‍ന്ന് വിമാനത്തെയും പൈലറ്റിനെയും കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.

വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി ചില ഗ്രാമവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വിവരം ഇന്ത്യന്‍ വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

2024 ജൂണില്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ മറ്റൊരു സുഖോയ്-30 എംകെഐ യുദ്ധവിമാനം തകര്‍ന്നിരുന്നു. നിഫാദ് താലൂക്കിലെ ഷിരസ്ഗാവ് ഗ്രാമത്തിന് സമീപത്താണ് അപകടം സംഭവിച്ചത്.

ആ സംഭവത്തില്‍ പൈലറ്റിനും കോ-പൈലറ്റിനും വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തേക്ക് ചാടാന്‍ കഴിഞ്ഞിരുന്നു. പൈലറ്റായ വിങ് കമാന്‍ഡര്‍ ബോകിലിന് ചെറിയ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ഹിന്ദുസ്ഥാന്‍ ഏറോേനാട്ടിക്‌സ് ലിമിറ്റഡ് ആശുപത്രിയില്‍ ചികിത്സ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്ന ഏറ്റവും ശക്തിയും ആധുനികവുമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ് സുഖോയ്-30 എംകെഐ. രണ്ട് സീറ്റും ഇരട്ട എഞ്ചിനും ഉള്ള 4.5-തലമുറ യുദ്ധവിമാനമാണിത്. വ്യോമാധിപത്യം ഉറപ്പാക്കാനും വിവിധ തരത്തിലുള്ള സൈനിക ദൗത്യങ്ങള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നു.

റഷ്യയിലെ സുഖോയ് കമ്പനിയാണ് ഈ വിമാനത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് ആണ് ഇവ നിര്‍മ്മിക്കുന്നത്. ഏകദേശം 3,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ യുദ്ധവിമാനങ്ങള്‍ക്ക് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഉള്‍പ്പെടെ നിരവധി ആധുനിക ആയുധങ്ങള്‍ വഹിക്കാന്‍ കഴിയും.

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാന സേനയുടെ പ്രധാന ശക്തിയാണ് സുഖോയ്-30 എംകെഐ. നിലവില്‍ ഏകദേശം 270 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചുവരുന്നു.

ഇതിനൊപ്പം സൂപ്പര്‍ സുഖോയ് എന്ന പേരില്‍ ഒരു വലിയ നവീകരണ പദ്ധതിയും ഇന്ത്യ നടപ്പിലാക്കുകയാണ്. ഈ പദ്ധതിയിലൂടെ വിമാനങ്ങളുടെ യുദ്ധ ശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതി.