ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത പുതിയ ‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമത്വ പ്രോത്സാഹന ചട്ടങ്ങൾ, 2026’നെ എതിര്‍ത്തുകൊണ്ട് ഡൽഹിയിലെ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു ജി സി) ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കനത്ത മഴയും ശക്തമായ പോലീസ് ബാരിക്കേഡുകളും അവഗണിച്ച് നൂറോളം വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ചട്ടങ്ങൾ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിന് ശേഷം വിദ്യാർത്ഥി പ്രതിനിധി സംഘം യു ജി സി ഉദ്യോഗസ്ഥർക്ക് നിവേദനം സമർപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങളിൽ ചിലത് ചർച്ച ചെയ്യാമെന്ന് യു ജി സി ഉദ്യോഗസ്ഥർ സമ്മതിച്ചതായി ഡൽഹി സർവകലാശാലയിലെ പി എച്ച് ഡി വിദ്യാർത്ഥിയായ അലോകിത് ത്രിപാഠി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ജനുവരി 13നാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമത്വ പ്രോത്സാഹന ചട്ടങ്ങൾ, 2026 യു ജി സി വിജ്ഞാപനം ചെയ്തത്. സർവകലാശാലകളിലും കോളജുകളിലും ജാതിവിവേചനം തടയുന്നതിനാണ് ഈ ചട്ടങ്ങൾ ലക്ഷ്യമിടുന്നത്. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ എന്നിവയിൽപ്പെട്ട വിദ്യാർത്ഥികളുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഇക്വിറ്റി കമ്മിറ്റികൾ, ഇക്വിറ്റി സ്ക്വാഡുകൾ, ഹെൽപ്‌ലൈനുകൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ രൂപീകരിക്കണമെന്നാണ് ചട്ടങ്ങളിലെ നിർദേശം.
റോഹിത് വെമുലയും പായൽ തഡ്വിയും നേരിട്ടുവെന്ന് ആരോപിക്കപ്പെടുന്ന ജാതിവിവേചന പീഡനങ്ങളുടെ പശ്ചാത്തലത്തിൽ, യു ജി സിയുടെ 2012ലെ ആന്റി-ഡിസ്ക്രിമിനേഷൻ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് പുതിയ ചട്ടങ്ങൾ നിലവിൽ വന്നത്.
എന്നാൽ, ഈ ചട്ടങ്ങൾ കുറ്റം മുൻകൂട്ടി ധരിക്കുന്നതാണെന്നും വ്യാജ പരാതികളിൽ നിന്ന് സംരക്ഷണം നൽകുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഇക്വിറ്റി സ്ക്വാഡുകൾ ക്യാമ്പസുകളിൽ സ്ഥിരം നിരീക്ഷണത്തിലേക്ക് നയിക്കുമെന്നും, ഇത് വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഒരു ‘നിരീക്ഷണ സംവിധാനമായി’ മാറുമെന്നും അലോകിത് ത്രിപാഠി പറഞ്ഞു.
ശ്രീ വെങ്കടേശ്വര കോളജിലെ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർത്ഥിയായ ഹർഷ് പാണ്ഡെ, വിദ്യാർത്ഥികളുമായോ അക്കാദമിക് സമൂഹവുമായോ മതിയായ ചർച്ചകൾ നടത്താതെയാണ് ചട്ടങ്ങൾ കൊണ്ടുവന്നതെന്ന് ആരോപിച്ചു. ഈ ചട്ടങ്ങൾ ‘റിവേഴ്സ് ഡിസ്ക്രിമിനേഷൻ’ എന്ന സാഹചര്യം സൃഷ്ടിച്ച് നിരപരാധികളായ വിദ്യാർത്ഥികളെ ലക്ഷ്യമാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇടതുപക്ഷ പിന്തുണയുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ചട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗങ്ങളെയും സമത്വ സംരക്ഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതിനെ സംഘടന സ്വാഗതം ചെയ്തു. എന്നാൽ, വിവേചനത്തിന്റെ നിർവചനത്തിലെ അസ്പഷ്ടതയും, ഇക്വിറ്റി കമ്മിറ്റികളിൽ സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രതിനിധ്യതയെക്കുറിച്ചുള്ള വ്യക്തമായ മാർഗനിർദേശങ്ങളുടെ അഭാവവും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
വിമർശനങ്ങൾക്ക് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചട്ടങ്ങൾ ദുരുപയോഗം ചെയ്യപ്പെടില്ലെന്നും ന്യായമായ രീതിയിൽ നടപ്പാക്കുമെന്നും പറഞ്ഞു. പ്രതിഷേധത്തിന് ശേഷം, ഇക്വിറ്റി സ്ക്വാഡുകളിൽ ജനറൽ വിഭാഗത്തിലെ ഒരാളെ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും, 15 ദിവസത്തിനുള്ളിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്നും യു ജി സി ഉദ്യോഗസ്ഥർ അറിയിച്ചതായി അലോകിത് ത്രിപാഠി വ്യക്തമാക്കി. വ്യാജ പരാതികൾ തടയുന്നതിനായി പരാതിക്കാരുടെ തിരിച്ചറിയൽ രഹസ്യമാക്കി വയ്ക്കില്ലെന്ന സൂചനയും ഉദ്യോഗസ്ഥർ നൽകിയതായി അദ്ദേഹം പറഞ്ഞു.
