'പാറ്റ' പരാമർശത്തിൽ ചീഫ് ജസ്റ്റിസിനെതിരേ ചോദ്യങ്ങളുമായി വിദ്യാർഥികൾ; ലണ്ടൻ സർവകലാശാലയിലെ സംഭവത്തിനെതിരേ ഇന്ത്യൻ ഹൈക്കമ്മീഷൻ

'പാറ്റ' പരാമർശത്തിൽ ചീഫ് ജസ്റ്റിസിനെതിരേ ചോദ്യങ്ങളുമായി വിദ്യാർഥികൾ; ലണ്ടൻ സർവകലാശാലയിലെ സംഭവത്തിനെതിരേ ഇന്ത്യൻ ഹൈക്കമ്മീഷൻ


ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ നാടകീയ രംഗങ്ങൾക്കെതിരേ ഇന്ത്യൻ ഹൈക്കമ്മീഷൻ. ലണ്ടന്‍ സര്‍വകലാശാലയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ ഇന്ത്യയില്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നുവെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സമീപകാലത്തെ 'പാറ്റ' പരാമര്‍ശത്തെക്കുറിച്ചും സദസ്സിലുണ്ടായിരുന്ന ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത് ശക്തമായ വാക്കേറ്റത്തിന് ഇടയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടിക്കിടെ സദസിലെ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് മര്യാദകേടായ പെരുമാറ്റമായിരുന്നുവെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ അപലപിച്ചു. 

ജൂണ്‍ 4-ന് ലണ്ടന്‍ സര്‍വകലാശാലയിലെ ബിര്‍ബെക്കില്‍ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അന്താരാഷ്ട്ര നിയമവും' എന്ന വിഷയത്തിലായിരുന്നു ചീഫ് ജസ്റ്റിസ് പ്രഭാഷണം നടത്തിയത്. ചീഫ് ജസ്റ്റിസ് നടത്തിയ പ്രസംഗത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. സദസിലുണ്ടായിരുന്ന ഒരാള്‍ ഇന്ത്യയിലെ ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ചും വിയോജിപ്പുകളോടുള്ള വര്‍ദ്ധിച്ചുവരുന്ന ശത്രുതയെക്കുറിച്ചും ചീഫ് ജസ്റ്റിസിനോട് ചോദ്യം ചോദിക്കാന്‍ ശ്രമിച്ചു. ഇന്ത്യയില്‍ വെച്ച് ചീഫ് ജസ്റ്റിസ് നടത്തിയ 'പാറ്റ' പരാമര്‍ശത്തെക്കുറിച്ചായിരുന്നു മറ്റൊരു വ്യക്തിയുടെ ചോദ്യം. 

ഉടന്‍ തന്നെ മോഡറേറ്റര്‍ ഇടപെട്ട് ചര്‍ച്ച പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു. 'ആദരവോടെ പറയട്ടെ, ഈ ചോദ്യം പരിഗണിക്കാന്‍ കഴിയില്ല, കാരണം ഇന്നത്തെ വിഷയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും അന്താരാഷ്ട്ര നിയമത്തെയും കുറിച്ചുള്ളതാണ്.'- സംഘാടകര്‍ പറഞ്ഞു. ചിലര്‍ എഴുന്നേറ്റു നില്‍ക്കുകയും ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്നതുള്‍പ്പെടെ പരിപാടിക്കിടെ ഉണ്ടായ പ്രതിഷേധങ്ങള്‍ വിഡിയോ ക്ലിപ്പുകളില്‍ വ്യക്തമാണ്. 

മെയ് 15-ന് ഒരു കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റ' പരാമര്‍ശം നടത്തിയത്. തൊഴിലില്ലാത്ത യുവാക്കള്‍ സമൂഹത്തില്‍ 'പാറ്റകളെപ്പോലെ' 'പരാന്നഭോജികള്‍' ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വലിയ വിവാദത്തിന് ഇടയാക്കി. തുടർന്നാണ് കോക്രോച്ച് ജനത പാർട്ടി എന്ന പേരിൽ കൂട്ടായ്മ രൂപപ്പെടുകയും ഇന്നത്തെ ഒരു പ്രതിഷേധ സം​ഗമമായി മാറുകയും ചെയ്തത്.