സേലം (ഓമലൂർ): കാമുകി അവഗണിച്ചതിൽ ക്ഷുഭിതനായ യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി പത്തുവയസുകാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.
സേലം ജില്ലയിലെ ഒമലൂരിന് സമീപമാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കാമുകിക്ക് അന്യബന്ധം ഉണ്ടെന്നാരോപിച്ചുള്ള തർക്കത്തെ തുടർന്നാണ് അവരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മകൻ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് വെട്ടേറ്റത്.
ഒമലൂർ സ്വദേശിയായ രാജ്കുമാറുമായി വേർപിരിഞ്ഞതിനെ തുടർന്ന് ഭാര്യ രണ്ടു മക്കളുമായി പിതാവിന്റെ കരിമ്പ് മില്ലിനുള്ളിലെ ഒരു മുറിയിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ, ഓമലൂരിലെ ഒരു സ്വകാര്യ ഷോറൂമിൽ ജോലി ചെയ്തിരുന്ന സ്ത്രീക്ക് അവിടത്തെ മാനേജരായ ശക്തിവേലുമായി പരിചയം വളർന്നതായാണ് വിവരം. കഴിഞ്ഞ മൂന്ന് മാസമായി ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇതിൽ പ്രകോപിതനായ ശക്തിവേൽ രാത്രി വൈകി സ്ത്രീയുടെ വീട്ടിലെത്തി 'ഒന്നു കാണണം' എന്ന് പറഞ്ഞ് വാതിൽ തുറപ്പിച്ചു. പിന്നാലെ ഒളിപ്പിച്ച് കൊണ്ടുവന്ന കത്തിയെടുത്ത് സ്ത്രീയെ ആവർത്തിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിൽ സ്ത്രീയുടെ ഒരു കൈ മുറിഞ്ഞു പോയി.
അമ്മയെ രക്ഷിക്കാൻ ഇടപെട്ട പത്തുവയസ്സുകാരനായ കിഷാന്തിനെയും ശക്തിവേൽ ക്രൂരമായി വെട്ടി. കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു.
സംഭവത്തെ തുടർന്ന് ഒമലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ, വെള്ളാളപ്പട്ടി പ്രദേശത്ത് ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ശക്തിവേലിനെ കണ്ടെത്തി. ഓമലൂർ, കരുപ്പൂർ സ്റ്റേഷനുകളിലെ പൊലീസ് സംഘം ചേർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്.
