ന്യൂഡല്‍ഹി: ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) വിഭാഗത്തില്‍ നിന്ന് വിമതരായ ആറു ലോക്സഭാംഗങ്ങളെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയുടെ ഭാഗമായതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ശനിയാഴ്ച അംഗീകരിച്ചു.
സ്പീക്കറുടെ തീരുമാനത്തോടെ ലോക്സഭയിലെ ഷിന്‍ഡെ വിഭാഗം ശിവസേനയുടെ അംഗബലം 13 ആയി ഉയര്‍ന്നു. അതേസമയം, ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗത്തിന്റെ അംഗബലം മൂന്ന് എം പിമാരായി ചുരുങ്ങി.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയ 20 എം പിമാര്‍ക്ക് ലോക്സഭയില്‍ പ്രത്യേക ഇരിപ്പിട ക്രമീകരണത്തിനും സ്പീക്കര്‍ അംഗീകാരം നല്‍കി. ഇവര്‍ പ്രാദേശിക പാര്‍ട്ടിയായ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (എന്‍ സി പി ഐ)യില്‍ ലയിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ ലയനത്തിന് സ്പീക്കര്‍ ഇതുവരെ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല.
കഴിഞ്ഞ മാസം വിമത തൃണമൂല്‍ കോണ്‍ഗ്രസ് എം പി കകോലി ഘോഷ് ദസ്തിദാര്‍യുടെ നേതൃത്വത്തിലുള്ള 20 എം പിമാര്‍ എന്‍ സി പി ഐയില്‍ ലയിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന (യു ബി ടി)യിലും പിളര്‍പ്പുണ്ടായി ആറു ലോക്സഭാംഗങ്ങള്‍ ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയിലേക്ക് ചേര്‍ന്നത്.
അതേസമയം, ആം ആദ്മി പാര്‍ട്ടിയുടെ ഏഴ് രാജ്യസഭാംഗങ്ങള്‍ നേരത്തെ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. നിലവില്‍ ലോക്സഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ ബി ജെ പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ ഡി എ) 298 അംഗങ്ങളാണുള്ളത്. തൃണമൂല്‍ വിമത എം പിമാരുടെ ലയനത്തിനും സ്പീക്കര്‍ അംഗീകാരം നല്‍കിയാല്‍ എന്‍ ഡി എയുടെ അംഗബലം 318 ആയി ഉയരും. 540 അംഗങ്ങളുള്ള ലോക്സഭയില്‍ നിലവില്‍ മൂന്ന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
സമീപകാല ലയനങ്ങള്‍ക്കു പിന്നാലെ ഭരണഘടനാ (131-ാം ഭേദഗതി) ബില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. ലോക്സഭയിലെ അംഗസംഖ്യ 850 വരെയായി വര്‍ധിപ്പിക്കുന്നതിനും നിയമസഭകളിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന 'നാരി ശക്തി വന്ദന്‍ അധിനിയം, 2023' നടപ്പാക്കുന്നതിനുമാണ് നിര്‍ദിഷ്ട ഭേദഗതി ലക്ഷ്യമിടുന്നത്.
സംസ്ഥാനങ്ങള്‍ക്കിടയില്‍ ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ ഏകീകൃതമായി 50 ശതമാനം വര്‍ധന ഉറപ്പാക്കുമെന്ന ഉറപ്പോടെ ഉയര്‍ന്ന ആശങ്കകള്‍ പരിഹരിച്ച ശേഷം കേന്ദ്രം ബില്‍ വീണ്ടും അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
അതേസമയം, എന്‍ ഡി എയുടെ അംഗബലം വര്‍ധിക്കുകയും ഡി എം കെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലാത്ത സാഹചര്യവും കണക്കിലെടുത്ത് ഏപ്രിലില്‍ 298 വോട്ടുകള്‍ ലഭിച്ചിട്ടും പാസാകാതിരുന്ന ഭരണഘടനാ ഭേദഗതി ബില്‍ ഇത്തവണ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
