ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ എം പിമാരെ കാണാന്‍ യുവജന നേതാക്കളെ അനുവദിക്കുന്നതുവരെയോ അല്ലെങ്കില്‍ താന്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹിയിലെ ആശുപത്രിയില്‍ എം പിമാര്‍ എത്തി കൂടിക്കാഴ്ച നടത്തുന്നതുവരെയോ തന്റെ നിരാഹാര സമരം തുടരുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് പ്രഖ്യാപിച്ചു.
വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോയാണ് അദ്ദേഹത്തിന്റെ കൈയൊപ്പോടുകൂടിയ കൈയെഴുത്ത് സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നീറ്റ്- യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാര്‍ട്ടി (സി ജെ പി) പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പിന്തുണ അറിയിക്കുന്നതായിരുന്നു സന്ദേശം.
'സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സ്വീകരിക്കുന്ന ക്രൂരമായ സമീപനം കണ്ട് ഞാന്‍ എന്റെ നിരാഹാരം (23-ാം ദിവസം) തുടരാന്‍ തീരുമാനിച്ചു. യുവജന നേതാക്കളെ പാര്‍ലമെന്റ് ഭവനില്‍ എം പിമാരെ കാണാന്‍ അനുവദിക്കുന്നതുവരെയോ അല്ലെങ്കില്‍ അവര്‍ക്ക് എന്നെ ആശുപത്രിയില്‍ വന്ന് കാണാന്‍ അവസരം ലഭിക്കുന്നതുവരെയോ ഞാന്‍ നിരാഹാരം തുടരും,' വാങ്ചുക് കുറിപ്പില്‍ വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ അതിന് മുമ്പ് ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'പ്രകോപനങ്ങള്‍ക്കിടയിലും യുവാക്കള്‍ സമാധാനം കൈവിടാതെ പ്രതിഷേധം തുടരുന്നത് എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പരാതികള്‍ ഇന്നോ നാളെയോ പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നതിലൂടെ സര്‍ക്കാര്‍യും പൊലീസും ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു,' ലഡാക്കില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ വാങ്ചുക് കൂട്ടിച്ചേര്‍ത്തു.
