പാകിസ്ഥാന്‍ ബന്ധമുള്ള സ്ലീപ്പര്‍ സെല്ലുകള്‍: ജംഷഡ്പൂരില്‍ അതീവ ജാഗ്രത

പാകിസ്ഥാന്‍ ബന്ധമുള്ള സ്ലീപ്പര്‍ സെല്ലുകള്‍: ജംഷഡ്പൂരില്‍ അതീവ ജാഗ്രത


ജാംഷഡ്പൂര്‍: പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാവസായിക നഗരമായ ജംഷദ്പൂരില്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്ഥാനില്‍ പരിശീലനം നേടിയതായി ആരോപിക്കപ്പെടുന്ന പത്തിലധികം സജീവ സ്ലീപ്പര്‍ സെല്ലുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് അലര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പ്രാദേശിക ഭരണകൂടങ്ങളും കേന്ദ്ര സുരക്ഷാ ഏജന്‍സികളും നഗരമാകെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഭീകര ശൃംഖലയുടെ നേതാവെന്നു സംശയിക്കുന്ന സയ്യദ് മുഹമ്മദ് അര്‍ഷിയാനെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ ഭീകരരെ ചോദ്യം ചെയ്തതില്‍ ഇന്ത്യയിലെ പ്രധാന മേഖലകളിലുടനീളം സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണെന്ന വിവരങ്ങള്‍ പുറത്തുവന്നതായി അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ഇതില്‍ കുറഞ്ഞത് 12 സെല്ലുകള്‍ ജംഷദ്പൂരില്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി കരുതുന്നു. ഈ സെല്ലുകള്‍ക്ക് പാകിസ്ഥാനിലെ ഹാന്‍ഡ്‌ലര്‍മാരുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്നും ചിലര്‍ വിദേശത്ത് പരിശീലനം നേടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. സാധാരണ ജീവിതം നയിക്കുന്നതിനിടയില്‍ തന്നെ എന്‍ക്രിപ്റ്റഡ് ആശയവിനിമയ പ്ലാറ്റ്ഫോമുകള്‍ വഴി വിദേശ ഹാന്‍ഡ്‌ലര്‍മാരുമായി ചില ഓപ്പറേറ്റിവുകള്‍ ബന്ധം തുടരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

'ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പൊലീസ്, ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി), ഭീകരവിരുദ്ധ വിഭാഗങ്ങള്‍ എന്നിവരോട് അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് സെന്‍സിറ്റീവ് മേഖലകളിലും നിര്‍ണായക സ്ഥാപനങ്ങളിലുമാണ് സുരക്ഷ ശക്തമാക്കിയത്. സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ജംഷദ്പൂരിലെ ആസാദ്നഗര്‍ പ്രദേശത്തെ താമസക്കാരനായ സയ്യദ് മുഹമ്മദ് അര്‍ഷിയാനെയാണ് സ്ലീപ്പര്‍ സെല്‍ ശൃംഖലയുടെ നേതാവായി സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഏഴ് മുതല്‍ എട്ട് വര്‍ഷമായി ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കണ്ടെത്തുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ), ആന്റി ടെററിസം സ്‌ക്വാഡ് (എ ടി എസ്) എന്നിവയുടെ സംഘങ്ങള്‍ പലതവണ ജംഷദ്പൂരിലെത്തിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോള്‍ അര്‍ഷിയാനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. പ്രാദേശിക യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും തീവ്രവാദത്തിലേക്ക് വഴിതിരിക്കുന്നതിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇയാളുടെ സഹോദരനായ മുഹമ്മദ് സീഷാന്‍, ശൃംഖലയുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി ജയിലില്‍ കഴിയുകയാണ്.

മുന്‍കാലങ്ങളിലും ജംഷദ്പൂര്‍ അതിക്രമവാദ ശൃംഖലകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. 2019-ല്‍ നിരോധിത സംഘടനയായ അല്‍ഖായ്ദ ഇന്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് അംഗമായ മുഹമ്മദ് കലിമുദ്ദീന്‍ മുജാഹിരിയെ നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ നിരവധി പേരെ റിക്രൂട്ട് ചെയ്തതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. 2016-ല്‍ ഒഡീഷയില്‍ അറസ്റ്റിലായ അബ്ദുല്‍ റഹ്മാന്‍ കാത്കിയുമായി ബന്ധപ്പെട്ട ബന്ധങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.