ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി; ശിവസേനയിലെ ആറ് എം പിമാര്‍ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തേക്ക്

ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി; ശിവസേനയിലെ ആറ് എം പിമാര്‍ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തേക്ക്


മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും ശിവസേന (യു ബി ടി) വിഭാഗത്തിനും കനത്ത തിരിച്ചടിയായി ലോക്‌സഭയിലെ ആറ് എം പിമാര്‍ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നു. തിങ്കളാഴ്ചയാണ് നിര്‍ണായക രാഷ്ട്രീയ നീക്കം നടന്നത്.

സഞ്ജയ് ദിനാ പാട്ടീല്‍, ഓംപ്രകാശ് ഭൂപാല്‍സിങ് നിംബാല്‍ക്കര്‍, സഞ്ജയ് ഹരിഭാവു ജാദവ്, സഞ്ജയ് ഉത്തംറാവു ദേശ്മുഖ്, ഷിര്‍ഡി എം പി ഭൗസാഹെബ് രാജാറാം വാക്ചൗറെ, ഹിംഗോളി എം പി നാഗേഷ് ബാപുരാവു പാട്ടീല്‍ അഷ്ടികര്‍ എന്നിവരാണ് ഷിന്‍ഡെ പക്ഷത്തേക്ക് ചേര്‍ന്നത്.

ജൂണ്‍ 18-ന് ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്നവരാണ് ഇവരെന്ന് ശ്രദ്ധേയമാണ്. ഒമ്പത് ലോക്‌സഭാ അംഗങ്ങളില്‍ ലോക്‌സഭാ ഫ്ളോര്‍ ലീഡര്‍ അര്‍വിന്ദ് സാവന്ത്, ചീഫ് വിപ്പ് അനില്‍ ദേശായി, നാസിക് എം പി രാജാഭൗ വാജെ എന്നിവര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്.

ബാല്‍ താക്കറെയുടെ ആശയങ്ങളില്‍ നിന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു ബി ടി) വ്യതിചലിച്ചുവെന്നും ഭാവിയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന ആശങ്കയാണ് ഈ തീരുമാനത്തിന് കാരണമായതെന്നും വിമത എം പിമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ നീക്കത്തോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ സ്വാധീനം കൂടുതല്‍ ശക്തമാകുകയും ബാല്‍ താക്കറെ സ്ഥാപിച്ച പാര്‍ട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ നില കൂടുതല്‍ ഉറപ്പിക്കപ്പെടുകയും ചെയ്തതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഭരണകക്ഷിയായ ഷിന്‍ഡെ വിഭാഗം, ബാല്‍ താക്കറെയുടെ യഥാര്‍ഥ ആശയങ്ങളെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നത് തങ്ങളാണെന്ന നിലപാടാണ് ആവര്‍ത്തിക്കുന്നത്.