എസ്ഐആർ: കരട് വോട്ടർപട്ടികയിൽ പേരില്ലാത്ത മുൻ വോട്ടർമാർക്കും ഫോം 6 സമർപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

എസ്ഐആർ: കരട് വോട്ടർപട്ടികയിൽ പേരില്ലാത്ത മുൻ വോട്ടർമാർക്കും ഫോം 6 സമർപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ


ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (Special Intensive Revision – SIR) നടപടികളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ പേരില്ലാത്ത മുൻ വോട്ടർമാർക്കും അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി ഫോം 6 സമർപ്പിക്കാമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. മുമ്പ് വോട്ടർപട്ടികയിൽ പേര് ഉണ്ടായിരുന്നവരുടെ പേരുകൾ നിലവിലെ എസ്ഐആർ കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ, ഫോം 6 സമർപ്പിക്കുമ്പോൾ അതിൽ ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതാണെന്ന പ്രഖ്യാപനം നൽകേണ്ടതുള്ളതിനാൽ തെറ്റായ പ്രഖ്യാപനമാകുമോ എന്ന ആശങ്ക ചില വോട്ടർമാർക്കുള്ളതായി കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ വ്യക്തത വരുത്തിയിരിക്കുന്നത്.

കരട് വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക്, അവർ മുമ്പ് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നവരാണെന്ന കാരണത്താൽ മാത്രം ഫോം 6 സമർപ്പിക്കുന്നതിൽ തടസ്സമില്ല. എസ്.ഐ.ആർ നടപടികളിലോ അതിനുശേഷമോ അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് പുതുതായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഇത്തരത്തിൽ മുമ്പ് വോട്ടർപട്ടികയിൽ പേര് ഉണ്ടായിരുന്നുവെന്ന കാരണത്താൽ മാത്രം ഫോം 6 സമർപ്പിച്ചതിന്റെ പേരിൽ ജനപ്രാതിനിധ്യ നിയമം, 1950-ലെ വകുപ്പ് 31 പ്രകാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ERO) നടപടികൾ സ്വീകരിക്കാനാവില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ട പാർലമെന്റ്/നിയമസഭാ മണ്ഡലത്തിന് പുറത്തുള്ള മറ്റൊരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഇതിനകം പേര് ഉൾപ്പെട്ടിട്ടില്ലെന്നും സമർപ്പിക്കുന്ന പ്രഖ്യാപനം നിയമാനുസൃതമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്.

കരട് വോട്ടർപട്ടികയിൽ പേരില്ലാത്ത മുൻ വോട്ടർമാർ ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് ഫോം 6 സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.