ഡി.കെ.ശിവകുമാർ കർണാടക മുഖ്യമന്ത്രി; സിദ്ധരാമയ്യ ​ഗവർണറെ കാണാൻ അനുമതി തേടി

ഡി.കെ.ശിവകുമാർ കർണാടക മുഖ്യമന്ത്രി; സിദ്ധരാമയ്യ ​ഗവർണറെ കാണാൻ അനുമതി തേടി


ബം​ഗളൂരു: കർണാടക രാഷ്ട്രീയത്തിൽ പുകയുന്ന അസ്വസ്തതകൾക്ക് പരി​ഹാരമാകുന്നതായി റിപ്പോർട്ടുകൾ. സിദ്ധരാമയ്യ ഉടൻ രാജിവയ്ക്കും. ഡി.കെ.ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് സൂചന. ​ഗവർണർ തവർചന്ദ് ​ഗെഹ്‍ലോട്ടുമായി നാളെ കൂടിക്കാഴ്ചയ്ക്ക് സിദ്ധരാമയ്യ അനുമതി തേടിയിട്ടുണ്ട്. ഇത് രാജി സമർപ്പിക്കാനാണെന്ന് വിശ്വസ്ത കേന്ദ്രങ്ങൾ വെളിപ്പെടുത്തി. 

സതീശ് ജർക്കിഹോളി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായേക്കും. അതേസമയം, സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റോ മകന് മന്ത്രിസ്ഥാനമോ നൽകാമെന്നാണ് നിർദേശം. ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

ഇന്നലെ എട്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്കു ശേഷം കർണ്ണാടക മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹം കോൺഗ്രസ് ഹൈക്കമാൻഡ് തള്ളിയിരുന്നു. എന്നാൽ, നേതൃമാറ്റത്തിനുള്ള ഹൈക്കമാൻഡ് തീരുമാനം യോഗത്തിൽ സിദ്ധരാമയ്യയെ അറിയിച്ചിരുന്നതായാണ് അറിയുന്നത്. ഇതിനുള്ള സമയം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് സിദ്ധരാമയ്യയ്ക്ക് വിട്ടു. സിദ്ധരാമയ്യയെ അനുനയിപ്പിക്കാൻ മൂന്ന് നിർദേശങ്ങളാണ് ഹൈക്കമാൻഡ് വെച്ചത്.

രാജ്യസഭ സീറ്റിൽ മത്സരിക്കുന്ന കാര്യം സിദ്ധരാമയ്യയ്ക്ക് തീരുമാനിക്കാം എന്നതായിരുന്നു ആദ്യ നിർദേശം. പി.സി.സി അദ്ധ്യക്ഷ സ്ഥാനം സിദ്ധരാമയ്യയുടെ വിശ്വസ്തന് നൽകും. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയെ മന്ത്രിയാക്കാമെന്ന വാഗ്ദാനവും ഉണ്ട്. മല്ലികാർജ്ജുൻ ഖർഗെയുടെ അടക്കം പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഡി.കെ.ശിവകുമാറിലേക്ക് തന്നെയാണ് തീരുമാനം എത്തിയത്. പ്രിയങ്ക ഗാന്ധിയുടെ ശക്തമായ പിന്തുണ ശിവകുമാറിനുണ്ട്. അടുത്തയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.