ജമ്മു കശ്മീരിലെ ദോഡയില്‍ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു, മൂന്ന് എസ് ഒ ജി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ ദോഡയില്‍ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു, മൂന്ന് എസ് ഒ ജി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയുടെ സര്‍വീസ് റൈഫിള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാരോപിക്കപ്പെടുന്ന യുവാവ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി)യിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. പ്രദേശത്ത് സംശയാസ്പദമായ നീക്കമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജായ്-ഗണ്ടോ റോഡില്‍ എസ്ഒജി സംഘം പതിയിരുന്ന് നിരീക്ഷണം നടത്തുന്നതിനിടെയാണ് സംശയാസ്പദമായ യുവാവിനെ തടഞ്ഞുനിര്‍ത്തിയത്.

രാത്രി 11.30ഓടെ യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അവരുടെ സര്‍വീസ് റൈഫിള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിനിടെ ഒരു എസ്ഒജി ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റത് ചീക ഗ്രാമ സ്വദേശിയായ 30-കാരനായ ആരിഫ് ഹുസൈനാണ്. സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

പരിക്കേറ്റ നാലുപേരെയും ആദ്യം ഭദര്‍വാഹ് സബ്-ഡിസ്ട്രിക്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ദോഡ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയ്ക്കിടെ ആരിഫ് ഹുസൈന്‍ മരണത്തിന് കീഴടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഭദര്‍വാഹ് നഗരത്തില്‍ കേന്ദ്ര റിസര്‍വ് പോലീസ് സേനയുടെയും (സിആര്‍പിഎഫ്) പൊലീസിന്റെയും അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലമായ ജായ് പ്രദേശത്ത് സൈന്യം വ്യാപക തിരച്ചില്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.