മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു ബി ടി) പിളര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ ഒമ്പത് ലോക്സഭാംഗങ്ങളില്‍ ആറുപേര്‍ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. ഇവര്‍ ബുധനാഴ്ച സ്പീക്കറെ കണ്ട് കത്ത് സമര്‍പ്പിച്ചതായാണ് വിവരം. ലോക്സഭയില്‍ ഇവരുടെ ഗ്രൂപ്പിന് പ്രത്യേക ബ്ലോക്കായി സ്പീക്കര്‍ ഓം ബിര്‍ള അംഗീകാരം നല്‍കിയതായും ഇവര്‍ അവകാശപ്പെടുന്നു. ഈ ആറ് എം പിമാരും ഏകനാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയില്‍ ചേരുമെന്നാണ് സൂചന.
ലോക്സഭയില്‍ ശിവസേന യു ബി ടിക്ക് ആകെ ഒമ്പത് എം പിമാരാണുള്ളത്. ഇതില്‍ അരവിന്ദ് സാവന്ത്, അനില്‍ ദേശായി, രാജാഭൗ വാജെ എന്നിവരൊഴികെയുള്ള ബാക്കി എം പിമാര്‍ പുതിയ ഗ്രൂപ്പില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വിമത എം പിമാര്‍ രൂപീകരിച്ച ഒരു ഗ്രൂപ്പിനും അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, അനില്‍ ദേശായി എന്നിവരടങ്ങുന്ന യു ബി ടി. സംഘം സ്പീക്കറെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പിളര്‍പ്പ് വാര്‍ത്തകള്‍ സജീവമായ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാവിലെ 11-ന് ഡല്‍ഹിയില്‍ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടി എം പിമാര്‍ക്ക് വിപ്പ് നല്‍കി. പാര്‍ട്ടിയുടെ ലോക്സഭയിലെ ചീഫ് വിപ്പ് അനില്‍ ദേശായിയാണ് വിപ്പ് പുറപ്പെടുവിച്ചത്. ഇതിനിടെ എം പിമാരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് ഡല്‍ഹിയിലെത്തിയേക്കുമെന്നും വ്യാഴാഴ്ചത്തെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ചൊവ്വാഴ്ച രാത്രി ശിവസേന യു ബി ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അരവിന്ദ് സാവന്ത് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിരുന്നു. പാര്‍ട്ടി വിട്ടുപോകുന്ന എം പിമാര്‍ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്നോ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിക്കണമെന്നോ ആവശ്യപ്പെട്ട് നടത്തുന്ന ഒരു അവകാശവാദവും അംഗീകരിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം തങ്ങള്‍ അവരെ വെറുതെ വിടില്ലെന്നും ആരെങ്കിലും പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് രാജിവയ്ക്കാമെന്നും 'ഓപ്പറേഷന്‍ ടൈഗര്‍' സംബന്ധിച്ച ഊഹാപോഹങ്ങളെക്കുറിച്ച് സഞ്ജയ് റൗട്ട് പറയുന്നു.
