തിരുവനന്തപുരം: താന്‍ രണ്ടും കല്‍പ്പിച്ചാണെന്ന വ്യക്തമായ സൂചന നല്‍കി ഇന്ദിരാ ഗാന്ധിയെയും അടിയന്തരാവസ്ഥയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എം പി. ഒരു കോണ്‍ഗ്രസ് നേതാവും ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്തത്ര നിശിതമായ ഭാഷയിലാണ് ശശി തരൂര്‍ ഇന്ദിര ഗാന്ധിയെ പ്രോജക്ട് സിന്‍ഡിക്കേറ്റ് എന്ന ഓണ്‍ലൈന്‍ ലേഖനത്തില്‍ ആക്രമിച്ചിട്ടുള്ളത്. ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചുവെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയിലൂടെ മാത്രമേ കഴിയൂവെന്ന് അവര്‍ ശഠിച്ചുവെന്നും തരൂര്‍ തന്റെ ലേഖനത്തില്‍ പറയുന്നു.
തടങ്കല്‍ പാളയങ്ങളിലെ പീഢനവും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും മാധ്യമങ്ങളും പ്രതിപക്ഷവും തടവിലായി. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരതകളായിരുന്നു. അന്നത്തെ സര്‍ക്കാര്‍ ഈ നടപടികള്‍ ലളിതവല്‍ക്കരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയേയും അവരുടെ പാര്‍ട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. എന്നാല്‍, ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും ഇന്ന് ഇന്ത്യ കൂടുതല്‍ ആത്മവിശ്വാസവും അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ഈ ലേഖനം. ബി ജെ പി അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ പ്രധാന പ്രചാരണ ആയുധമാക്കി പ്രയോഗിക്കുന്നതിനിടെയാണ് ഈ ലേഖനം പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അടിയന്തരാവസ്ഥയെ രാജ്യചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠം നമ്മള്‍ ഉള്‍ക്കൊള്ളണമെന്നും തരൂര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.