കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തീരുമാനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി; വിജയ് സർക്കാരിന് തിരിച്ചടി

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തീരുമാനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി; വിജയ് സർക്കാരിന് തിരിച്ചടി


ചെന്നൈ: കരൂർ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയിലെ സമത്വാവകാശം (അനുച്ഛേദം 14), സർക്കാർ ജോലികളിലെ തുല്യാവസരാവകാശം (അനുച്ഛേദം 16) എന്നിവ ലംഘിക്കുന്നതാണ് ഈ തീരുമാനമെന്ന് കോടതി വിലയിരുത്തി.

'ഇത്തരത്തിലുള്ള സംഭവങ്ങളിൽ കരുണാനിയമനങ്ങൾ അനുവദിച്ചാൽ സമാന ആവശ്യങ്ങളുമായി അനേകം പേർ രംഗത്തെത്തും. സർക്കാർ ജോലി സൗജന്യമായി നൽകാനുള്ളതല്ല; അത് യോഗ്യതയുടെ അടിസ്ഥാനത്തിൽ നേടേണ്ടതാണ്. ജോലി കാത്തിരിക്കുന്ന നിരവധി ഉദ്യോഗാർഥികൾ രാജ്യത്തുണ്ട്,' കോടതി നിരീക്ഷിച്ചു.

2025 സെപ്തംബറിൽ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു കരൂർ ദുരന്തം. പാർട്ടി അധ്യക്ഷനായിരുന്ന സി. ജോസഫ് വിജയ് പ്രസംഗിക്കാനെത്തിയ ചടങ്ങിൽ ഉണ്ടായ തിക്കിലും തിരക്കിലും കുട്ടികൾ ഉൾപ്പെടെ 41 പേർ മരിച്ചിരുന്നു. നിലവിൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാണ്.

വിജയ് വൈകിയാണ് വേദിയിലെത്തിയത്. അതിനിടെ പ്രതീക്ഷിച്ചതിൽ അധികം ആളുകൾ സ്ഥലത്ത് എത്തിയതും കുടിവെള്ളം, ഭക്ഷണം, ശൗചാലയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ദുരന്തത്തിന് കാരണമായെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.

എന്നാൽ ഈ ആരോപണങ്ങൾ ടിവികെ തള്ളിക്കളഞ്ഞിരുന്നു. സുരക്ഷാ ക്രമീകരണത്തിലെ പൊലീസിന്റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നും, മുൻ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയുടെ ഗൂഢാലോചനയാണെന്നും പാർട്ടി ആരോപിച്ചിരുന്നു. ബാലാജി ഇത് നിഷേധിച്ചിരുന്നു.

ഈ മാസം ആദ്യം കരൂർ സന്ദർശിച്ച മുഖ്യമന്ത്രി വിജയ്, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയുടെ നിയമന ഉത്തരവുകൾ വിതരണം ചെയ്തിരുന്നു. അതിനിടെയാണ് ഹൈക്കോടതി തീരുമാനം റദ്ദാക്കിയത്.

അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ തുടരുകയാണ്. ജനക്കൂട്ട നിയന്ത്രണം, വിജയ് വേദിയിലെത്തിയ സമയം, പാർട്ടി സംഘാടകരും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള ഏകോപനം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.