2009 ഐ പി എല്‍ കേസില്‍ ഇ ഡിക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി ലളിത് മോഡി

2009 ഐ പി എല്‍ കേസില്‍ ഇ ഡിക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി ലളിത് മോഡി


ന്യൂഡല്‍ഹി: 2009-ലെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ഫെമ  ലംഘനക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചുമത്തിയ പിഴയും പ്രധാന കണ്ടെത്തലുകളും അപ്പീല്‍ ട്രിബ്യൂണല്‍ റദ്ദാക്കിയതോടെ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് ഐ പി എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി പറഞ്ഞു.

വളരെക്കാലത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാന്‍ താന്‍ ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കുകയെന്നും ലളിത് മോഡി എക്‌സില്‍ കുറിച്ചു. 

സാഫെമ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന അപ്പീല്‍ ട്രിബ്യൂണല്‍ 2018 മെയ് 31-ന് ഇ ഡിയുടെ പ്രത്യേക ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ലളിത് മോഡിയും മറ്റ് പ്രതികളും നല്‍കിയ അപ്പീല്‍ ഭാഗികമായി അംഗീകരിച്ചു.

ഫെമ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ഇ ഡി ചുമത്തിയ പിഴയും അന്വേഷണത്തിന്റെ അടിസ്ഥാന കണ്ടെത്തലുകളും ട്രിബ്യൂണല്‍ റദ്ദാക്കി.

ഇടപാടുകളുടെ സ്വഭാവം സംബന്ധിച്ച ഇ ഡിയുടെ പ്രധാന വാദവും ട്രിബ്യൂണല്‍ തള്ളിക്കളഞ്ഞു. സേവനത്തിനുള്ള പണം ഘട്ടംഘട്ടമായി നല്‍കിയതും മുന്‍കൂട്ടി ബജറ്റ് തയ്യാറാക്കാതിരുന്നതും മാത്രം ഒരു ഇടപാടിനെ 'ക്യാപിറ്റല്‍ അക്കൗണ്ട് ട്രാന്‍സാക്ഷന്‍' ആയി കണക്കാക്കാനാകില്ലെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു.

ട്രിബ്യൂണലിന്റെ വിധിയെ സ്വാഗതം ചെയ്ത ലളിത് മോഡി, ഇ ഡി കേസ് കെട്ടിപ്പടുത്ത പ്രധാന അടിസ്ഥാനങ്ങള്‍ തന്നെ കോടതി തള്ളിയെന്നും 2009-ലെ ദക്ഷിണാഫ്രിക്കന്‍ ഐ പി എല്ലുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിയമപോരാട്ടത്തിന് ഇതോടെ വിരാമമായെന്നും പ്രതികരിച്ചു.

ഇന്ത്യയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം വര്‍ഷങ്ങളായി അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള നിയമവിവാദങ്ങള്‍ക്ക് വീണ്ടും ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ പി എല്‍) സ്ഥാപകനും ആദ്യ ചെയര്‍മാനുമായ ലളിത് മോഡിയാണ് ട്വന്റി-20 ക്രിക്കറ്റിനെ ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗുകളിലൊന്നാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

എന്നാല്‍ പിന്നീട് അഴിമതി, താത്പര്യസംഘര്‍ഷം, സാമ്പത്തിക ക്രമക്കേടുകള്‍, ഫ്രാഞ്ചൈസി ലേലം, സംപ്രേഷണാവകാശ കരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ) അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ക്രിക്കറ്റ് ഭരണരംഗത്ത് ഏതെങ്കിലും പദവി വഹിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.