ഡല്‍ഹി പൊലീസിന് തിരിച്ചടി; ഐഷി ഘോഷിന്റെ അറസ്റ്റിന് സ്‌റ്റേ, പൊലീസ് ഫോൺ ട്രാക്ക് ചെയ്യുന്നെന്ന് ഐഷി

ഡല്‍ഹി പൊലീസിന് തിരിച്ചടി; ഐഷി ഘോഷിന്റെ അറസ്റ്റിന് സ്‌റ്റേ, പൊലീസ് ഫോൺ ട്രാക്ക് ചെയ്യുന്നെന്ന് ഐഷി


ന്യൂഡല്‍ഹി : ജെഎൻയു മുൻ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിന്റെ അറസ്റ്റ് കോടതി തടഞ്ഞു. പട്യാല ഹൗസ്  ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. കേസ് അടുത്ത തവണ പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഐഷി ഘോഷിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 

അതേസമയം, തൻ്റെ ഫോൺ പൊലീസ് ട്രാക്ക് ചെയ്യുന്നുവെന്നും എവിടെയുണ്ട് എന്ന് കണ്ടെത്തി കൃത്യമായി ഫോളോ ചെയ്യുന്നുവെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം കേസുമായി ബന്ധപ്പെട്ട് പൊലീസുമായി സമ്പർക്കത്തിലിരിക്കെ ആണ് പെട്ടെന്നുള്ള അസാധാരണമായ നടപടി. വിദ്യാർത്ഥികൾ നിരന്തരം സർക്കാരിൻ്റെ നിരീക്ഷണത്തിൽ ആണെന്നും ഐഷി ആരോപിച്ചു.

കഴിഞ്ഞ ദിവസം ഐഷി ഘോഷിനെ പാ‍‍ർട്ടി ദേശീയ ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഡൽഹി പൊലീസിലെ രണ്ട് ഉദ്യോ​ഗസ്ഥർ മഫ്തിയിലെത്തിയാണ് അറസ്റ്റിന് ശ്രമിച്ചത്. യൂണിഫോമും ബാഡ്ജും ധരിക്കാതെ അറസ്റ്റ് നടപടികൾക്കായി എത്തിയ പോലീസ് ഉദ്യോ​ഗസ്ഥരെ സിപിഎം നേതാക്കൾ ഇടപെട്ട് തടയുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ മഴ പെയ്തത് കൊണ്ടാണ് യൂണിഫോം ധരിക്കാത്തത് എന്നാണ് പൊലീസ് വിശദീകരിച്ചത്.

2021 ല്‍ ഡല്‍ഹി ബംഗ്ലാ ഭവനില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലാണ് ഐഷി ഘോഷിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തുടർന്ന് അറസ്റ്റ് നടപടികള്‍ തടയണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. കേസ് 2021ലാണ്  രജിസ്റ്റര്‍ ചെയ്തതെന്നും ഇതുവരെ ഒരു തവണയൊഴികെ എല്ലാ ഹിയറിങ്ങിനും ഹാജരായിട്ടുണ്ടെന്നും ഐഷിക്ക് വേണ്ടി ഹാജരായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. ഒരിക്കല്‍ ഡല്‍ഹിയില്‍ ഇല്ലാത്തതുകൊണ്ടാണ് ഹാജരാവാതിരുന്നത്. അതിനാല്‍ അറസ്റ്റ് വാറണ്ട് പിന്‍വലിക്കണമെന്നും ഐഷി കോടതിയില്‍ ആവശ്യപ്പെട്ടു.