ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോക്ക്‌റോച്ച് ജനത പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പിടിയിലായി ഒമ്പതാം ദിവസമാണ് ഇരുവർക്കും ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ സാധിച്ചത്. നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ഡൽഹി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കിയതിനെത്തുടർന്ന് ഡൽഹി കോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ 13 നായിരുന്നു ഡൽഹി പൊലീസിന്‍റെയും അര്‍ധ സൈനിക വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ച് സിജെപിയുടെ മിന്നല്‍ പ്രതിഷേധം. പാര്‍ലമെന്‍റ് സ്ട്രീറ്റിന് സമീപമുള്ള ഇടവഴിയിലൂടെ നടന്ന് സമീപമുള്ള മതില്‍ ചാടി കടന്ന് പ്രവര്‍ത്തകര്‍ ജന്തർമന്തറിന് ഉള്ളില്‍ കടക്കുകയായിരുന്നു. ദേശീയ പതാക വീശി മുദ്രാവാക്യം വിളിച്ചയുടന്‍ പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി. നിരോധനാജ്ഞ ലംഘിച്ചും, ജാമ്യ വ്യവസ്ഥ ലംഘിച്ചുമായിരുന്നു സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഹിങ്ക്യ ഷിന്‍ഡേ എന്നിവരുടെ നീക്കം.
അതേസമയം, ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയതിനെതിരായ ഹര്‍ജി പരിഗണിക്കവെ, സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരോട് നിങ്ങളെങ്ങനെ ജെന്‍സികളാകുമെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി ചോദിച്ചത്. സൗരവ് ദാസിന് 27 വയസ്സും അശുതോഷ് റാങ്കയ്ക്ക് 31 വയസ്സും പ്രായമുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. അപ്പോൾ നിങ്ങൾ ജെൻസി അല്ല, 1997 നുശേഷം ജനിച്ചവരാണ് ജെൻസികളായി അറിയപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു.
സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതി ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെതിരെയാണ് പാർട്ടി ഹൈക്കോടതിയെ സമീപിച്ചത്. സിജെപി സമരത്തിന്റെ സ്വഭാവത്തെയും ഉദ്ദേശ്യത്തെയും ഡൽഹി ഹൈക്കോടതി ചോദ്യം ചെയ്തു. ആരാണ് നിങ്ങളെന്നും, എന്താണ് നിങ്ങളുടെ സംഘടനയെന്നും ഉദ്ദേശ്യം എന്താണ് എന്നും ഹൈക്കോടതി ചോദിച്ചു.
പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന ആളുകൾ ഒന്നുതന്നെയായിരിക്കുകയും എന്നാൽ അവർ ഉന്നയിക്കുന്ന വിഷയങ്ങളും കാരണങ്ങളും നിരന്തരം മാറിമറിയുന്നു. സമാധാനവും ക്രമസമാധാനവും തകരുമെന്ന ആശങ്ക ഉള്ളപ്പോൾ, ഈ ചോദ്യങ്ങളെല്ലാം പ്രാധാന്യം അർഹിക്കുന്നുവെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. അതിനാൽ ഇത്തരം കൂട്ടായ്മകളുടെ നിലനിൽപ്പും പശ്ചാത്തലവും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
സിജെപി നേതാക്കളുടെ ജാമ്യ ഹർജി സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ട് പരിഗണിക്കുന്നുണ്ട്. അതിനാൽ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനത്തിന് ശേഷം ഹർജിക്കാർക്ക് അപ്പീൽ നൽകാവുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സിജെപി ഹൈക്കോടതിയിൽ നിന്നും പിൻവലിച്ചത്.
ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം
