റായ്പുര്‍: ഛത്തിസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ രക്ഷാസേന വധിച്ചു. സുക്മയില്‍ 12 പേരും ബീജാപുരില്‍ രണ്ടു പേരുമാണു കൊല്ലപ്പെട്ടത്. ഏറെക്കാലമായി രക്ഷാസേന തേടിക്കൊണ്ടിരുന്ന മാവോയിസ്റ്റ് കമാന്‍ഡര്‍ മംഗ്തു, ഹംഗ മഡ്കം എന്നിവരും കൊല്ലപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു.
ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തെരച്ചില്‍ നടത്തുമ്പോഴായിരുന്നു ഏറ്റുമുട്ടല്‍. മൂന്നു മണിക്കൂറോളം വെടിവയ്പ്പ് നീണ്ടു നിന്നു. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.
ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങളില്‍ നിന്ന് എ കെ 47 തോക്കും ഇന്‍സാസ്, എസ് എല്‍ ആര്‍ റൈഫിളുകളുമടക്കം ആയുധങ്ങള്‍ കണ്ടെടുത്തു.
ഈ വര്‍ഷം ആദ്യമാണു ഛത്തിസ്ഗഡില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍. മാര്‍ച്ച് 31ന് രാജ്യം നക്‌സല്‍ മുക്തമാക്കുമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ഛത്തിസ്ഗഡില്‍ 285 നക്‌സലുകളെ വധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒഡിഷയിലെ കന്ധമല്‍ ജില്ലയില്‍ നടന്ന വെടിവയ്പ്പില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
