ഇമുദ്രയുടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സുരക്ഷാവീഴ്ച; ഗൂഗിളും ആപ്പിളും മോസില്ലയും നടപടിയെടുത്തു

ഇമുദ്രയുടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സുരക്ഷാവീഴ്ച; ഗൂഗിളും ആപ്പിളും മോസില്ലയും നടപടിയെടുത്തു


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡിജിറ്റല്‍ സുരക്ഷാ കമ്പനിയായ ഇമുദ്രയുടെ വെബ്സൈറ്റ് സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട എട്ട് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗൂഗിള്‍, ആപ്പിള്‍, മോസില്ല തുടങ്ങിയ പ്രമുഖ സാങ്കേതിക കമ്പനികള്‍ നടപടിയെടുത്തു. സര്‍ട്ടിഫിക്കറ്റുകളുടെ സ്വകാര്യ കീകള്‍ ഒരു സെക്കന്‍ഡിനുള്ളില്‍ വീണ്ടെടുക്കാന്‍ കഴിയുന്നത്ര ദുര്‍ബലമായിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഈ സുരക്ഷാവീഴ്ച മുതലെടുത്ത് വ്യാജ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിക്കാനും തട്ടിപ്പ് വെബ്സൈറ്റുകളെ യഥാര്‍ഥമാണെന്ന് ഇന്റര്‍നെറ്റ് ബ്രൗസറുകളെ തെറ്റിദ്ധരിപ്പിക്കാനും ആക്രമികള്‍ക്ക് കഴിയുമായിരുന്നു. ഇതു കണക്കിലെടുത്താണ് ബാധിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളെ ബ്രൗസറുകള്‍ വിശ്വസിക്കുന്നതു തടയാന്‍ പ്രമുഖ സാങ്കേതിക കമ്പനികള്‍ നടപടികള്‍ സ്വീകരിച്ചത്.

അതേസമയം, ഇന്ത്യയില്‍ ഇമുദ്ര നല്‍കുന്ന ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (ഡി എസ് സി), ഇ-സൈന്‍ സേവനങ്ങളെ സുരക്ഷാവീഴ്ച ബാധിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.

എന്താണ് ഇമുദ്രയില്‍ സംഭവിച്ചത്?

ഡിജിറ്റല്‍ ഒപ്പുകള്‍, ഇലക്ട്രോണിക് ആധികാരികത ഉറപ്പാക്കല്‍, വെബ്സൈറ്റ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഇമുദ്ര. ഒരു വെബ്സൈറ്റുമായി സുരക്ഷിതമായ ബന്ധം സ്ഥാപിക്കുന്നതിനു മുമ്പ് അത് യഥാര്‍ഥമാണോ എന്ന് പരിശോധിക്കാന്‍ ബ്രൗസറുകളെ സഹായിക്കുന്നത് ഇത്തരം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളാണ്.

വെബ്സൈറ്റുകളുടെ തിരിച്ചറിയല്‍ രേഖകളായി പ്രവര്‍ത്തിക്കുന്ന ഈ സര്‍ട്ടിഫിക്കറ്റുകള്‍ വഴി ഉപയോക്താക്കള്‍ യഥാര്‍ഥ സെര്‍വറിലേക്കാണോ അതോ വ്യാജ വെബ്സൈറ്റിലേക്കാണോ പ്രവേശിക്കുന്നതെന്ന് ബ്രൗസറുകള്‍ക്ക് തിരിച്ചറിയാനാകും.

2026 ഒക്ടോബര്‍ 17-ന് ഇമുദ്രയുടെ ആഗോള വെബ്സൈറ്റ് സുരക്ഷാ ബിസിനസുമായി ബന്ധപ്പെട്ട എട്ട് ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റ് അതോറിറ്റി (സി എ) സര്‍ട്ടിഫിക്കറ്റുകളിലാണ് ഗവേഷകര്‍ സുരക്ഷാപ്രശ്‌നം കണ്ടെത്തിയത്.

ഈ സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിച്ച സ്വകാര്യ കീകളില്‍ ആവശ്യമായ ക്രമരഹിതത്വം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ സാധാരണ നിലയില്‍ അതീവ സുരക്ഷിതമായിരിക്കേണ്ട കീകള്‍ വളരെ വേഗത്തില്‍ കണ്ടെത്താന്‍ കഴിയുന്ന സാഹചര്യമുണ്ടായി.

അംഗീകൃത സ്ഥാപനങ്ങള്‍ക്ക് വെബ്സൈറ്റുകള്‍ക്കായി സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ സഹായിക്കുന്നവയാണ് ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റുകള്‍. ഇവയിലൊന്നിന്റെ സ്വകാര്യ കീ ആക്രമികള്‍ കൈക്കലാക്കിയാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ച് യഥാര്‍ഥ വെബ്സൈറ്റുകളെ അനുകരിക്കാന്‍ സാധ്യതയുണ്ട്. ഇതുവഴി സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളെയും വിശ്വസനീയമാണെന്ന് ഉപയോക്താക്കള്‍ തെറ്റിദ്ധരിക്കാം.

ഗൂഗിളും ആപ്പിളും മോസില്ലയും നടപടിയെടുത്തത് എന്തുകൊണ്ട്?

സുരക്ഷാവീഴ്ച കണ്ടെത്തിയതിനു പിന്നാലെ ബാധിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളെ ബ്രൗസറുകള്‍ വിശ്വസിക്കുന്നത് തടയാന്‍ പ്രമുഖ സാങ്കേതിക കമ്പനികള്‍ നടപടികള്‍ സ്വീകരിച്ചു.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ബാധിക്കപ്പെട്ട ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ചു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് വിശ്വാസയോഗ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പട്ടികയില്‍നിന്ന് നീക്കം ചെയ്യാനും പദ്ധതിയിട്ടു.

മോസില്ല, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവയും ബാധിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ബ്രൗസറുകള്‍ അംഗീകരിക്കുന്നത് തടയുകയാണ് ഈ നടപടികളുടെ ലക്ഷ്യം. എന്നാല്‍, ബാധിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്ന ചില യഥാര്‍ഥ വെബ്സൈറ്റുകള്‍ പുതിയ സര്‍ട്ടിഫിക്കറ്റുകളിലേക്ക് മാറുന്നതുവരെ സുരക്ഷാ മുന്നറിയിപ്പുകളോ കണക്ഷന്‍ പ്രശ്‌നങ്ങളോ നേരിടാന്‍ സാധ്യതയുണ്ട്.

ഇന്ത്യയിലെ ഡിജിറ്റല്‍ ഒപ്പുകളെ ബാധിക്കുമോ?

ഔദ്യോഗിക രേഖകള്‍, നികുതി റിട്ടേണുകള്‍, വ്യാപാര ഇടപാടുകള്‍ എന്നിവയ്ക്കായി ഇമുദ്രയുടെ ഡിജിറ്റല്‍ ഒപ്പുകള്‍ ഉപയോഗിക്കുന്നവര്‍ എന്തെങ്കിലും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന ചോദ്യവും സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, ഇന്ത്യയിലെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (ഡി എസ് സി), ഇ-സൈന്‍ സേവനങ്ങളെ പ്രശ്‌നം ബാധിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ആഗോള വെബ്സൈറ്റ് സുരക്ഷാ ബിസിനസില്‍ ഉപയോഗിച്ചിരുന്ന എട്ട് ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രമാണ് പ്രശ്‌നം ഉണ്ടായതെന്നും കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ കടന്നുകയറ്റമുണ്ടായിട്ടില്ലെന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ഇമുദ്ര അറിയിച്ചു.

2025 ഏപ്രിലില്‍ നടത്തിയ കീ ജനറേഷന്‍ പ്രക്രിയയ്ക്കിടെ സൃഷ്ടിച്ച എട്ട് ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട പ്രശ്‌നം കമ്പനി പരിശോധിച്ചുവരികയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.