ഡൽഹി നിയമസഭയിൽ സുരക്ഷാ ലംഘനം; അതിക്രമിച്ചു കയറിയ മുഖംമൂടിധാരി സ്പീക്കറുടെ കാറിന് നേര മഷി എറിഞ്ഞു

ഡൽഹി നിയമസഭയിൽ സുരക്ഷാ ലംഘനം; അതിക്രമിച്ചു കയറിയ മുഖംമൂടിധാരി സ്പീക്കറുടെ കാറിന്  നേര മഷി എറിഞ്ഞു


ഡൽഹി:  ഡൽഹി നിയമസഭ സമുച്ചയത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഗുരുതരമായ സുരക്ഷാ ലംഘനം റിപ്പോർട്ട് ചെയ്തു. കർശന സുരക്ഷാ സംവിധാനങ്ങൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് ഒരു കാർ ബാരിക്കേഡ് തകർത്ത് കടന്നുകയറിയതോടെ സുരക്ഷാ സേന അടിയന്തര ജാഗ്രത പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗേറ്റ് നമ്പർ 2 വഴി മുഖംമൂടി ധരിച്ച ഒരാൾ ഓടിച്ച കാർ അകത്ത് പ്രവേശിച്ചതാണ് സംഭവത്തിന് തുടക്കം. ഉത്തരപ്രദേശ് രജിസ്‌ട്രേഷനുള്ള ഈ വാഹനം സുരക്ഷാ തടസ്സങ്ങൾ മറികടന്ന് അകത്ത് കയറിയെങ്കിലും ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം നിയന്ത്രണവിധേയമാക്കി.

അതിനിടെ   നിയമസഭ  സ്പീക്കര്‍ വിജേന്ദ്ര ഗുപ്തയുടെ ഓഫീസ് ഭാഗത്തേക്ക് നീങ്ങിയ  കാർ ഡ്രൈവർ, പോർച്ചിന് സമീപം ഒരു പൂക്കൂട വച്ചശേഷം മടങ്ങിയെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംഭവത്തിനിടെ സ്പീക്കറുടെ വാഹനത്തിലേക്ക് മഷി എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

സംഭവം ഉടൻ നിയന്ത്രണവിധേയമാക്കിയതിനാൽ ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ, അതീവ സുരക്ഷാ മേഖലയായ നിയമസഭാ സമുച്ചയത്തിൽ ഇത്തരമൊരു സുരക്ഷാ വീഴ്ച ഉണ്ടായത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.