രണ്ടാമത്തെ എല്‍ പി ജി ടാങ്കറും ഹോര്‍മുസ് കടന്ന് ഇന്ത്യയിലെത്തി

രണ്ടാമത്തെ എല്‍ പി ജി ടാങ്കറും ഹോര്‍മുസ് കടന്ന് ഇന്ത്യയിലെത്തി


ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ എല്‍ പി ജി ടാങ്കര്‍ നന്ദാദേവി ഇന്ത്യന്‍ തീരത്തെത്തി. 46,000 മെട്രിക് ടണ്‍ എല്‍ പി ജിയുമായാണ് നന്ദാദേവി ഗുജറാത്തിലെ വാഡിനാര്‍ തീരത്തെത്തിയത്. ഇത് ഏകദേശം 32.4 ലക്ഷം ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് തുല്യമാണ്. 40,000 മെട്രിക് ടണ്‍ എല്‍ പി ജിയുമായി ആദ്യകപ്പല്‍ ശിവാലിക് തിങ്കളാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു. പിന്നാലെ നന്ദാദേവിയും എത്തിയതോടെ നിലവിലെ പാചകവാതക പ്രതിസന്ധിയില്‍ താത്ക്കാലിക ആശ്വാസമായേക്കും.

ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍ പി ജി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും എല്‍ പി ജി എത്തുന്നത്. യുദ്ധത്തെതുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് ഇന്ത്യയില്‍ പാചകവാതക പ്രതിസന്ധി ഉണ്ടായത്.

അതേസമയം പേര്‍ഷ്യന്‍- ഗള്‍ഫ് മേഖലയിലുള്ള എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതാണെന്ന് തുറമുഖ മന്ത്രാലയം അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് ഭാഗത്ത് 24 ഇന്ത്യന്‍ കപ്പലുകളാണ് അവശേഷിക്കുന്നത്.