സത്യ നികേതൻ കെട്ടിടം തകർന്നു: ദുരിതത്തിലായ വിദ്യാർഥികൾക്ക് വാതിൽ തുറന്ന് ഡൽഹി സർവകലാശാലയിലെ സൗത്ത് ക്യാമ്പസ് കോളേജുകൾ

സത്യ നികേതൻ കെട്ടിടം തകർന്നു: ദുരിതത്തിലായ വിദ്യാർഥികൾക്ക് വാതിൽ തുറന്ന് ഡൽഹി സർവകലാശാലയിലെ സൗത്ത് ക്യാമ്പസ് കോളേജുകൾ


ന്യൂഡൽഹി: സത്യ നികേതനിൽ അഞ്ച് നിലയുള്ള പി.ജി കെട്ടിടം തകർന്നതിനെ തുടർന്ന് താമസസ്ഥലം നഷ്ടപ്പെട്ടതും സമീപ പ്രദേശങ്ങളിൽ സുരക്ഷിതമല്ലാത്ത സാഹചര്യം നേരിടുന്നതുമായ വിദ്യാർഥികൾക്ക് സഹായവുമായി ഡൽഹി സർവകലാശാലയിലെ സൗത്ത് ക്യാമ്പസ് കോളേജുകൾ.

ഞായറാഴ്ച തകർന്ന 'ഹോസ്റ്റൽ ഡേസ്' എന്ന പേരിലുള്ള കെട്ടിടത്തിന് സമീപത്തെ താമസസ്ഥലങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും വൈദ്യുതി ലൈനുകൾ തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കോളേജുകൾ വിദ്യാർഥികൾക്ക് ഭക്ഷണം, താൽക്കാലിക താമസം, സുരക്ഷിത ഇടങ്ങൾ എന്നിവ ഒരുക്കിയത്.

ആത്മാ റാം സനാതൻ ധർം കോളേജ് (ARSD), ജീസസ് ആൻഡ് മേരി കോളേജ് (JMC), ശ്രീ വെങ്കിടേശ്വര കോളേജ്, മൈത്രേയി കോളേജ്, മോത്തിലാൽ നെഹ്രു കോളേജ് തുടങ്ങിയ സ്ഥാപനങ്ങളാണ് സഹായവുമായി രംഗത്തെത്തിയത്. സത്യ നികേതൻ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ പി.ജി.കളിലേക്കോ ഫ്‌ളാറ്റുകളിലേക്കോ മടങ്ങാൻ കഴിയാത്ത വിദ്യാർഥികൾക്ക് കോളേജ് പരിസരത്ത് സുരക്ഷിതമായി കഴിയാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

'ഇത് സുരക്ഷാ മുന്നറിയിപ്പാണ്, പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ആഹ്വാനമല്ല. സുരക്ഷിതരായ വിദ്യാർഥികൾ സുഹൃത്തുക്കളെയും സഹപാഠികളെയും മറ്റ് വിദ്യാർഥികളെയും ബന്ധപ്പെടുകയും താമസസൗകര്യമില്ലാതെ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായം ലഭ്യമാക്കുകയും ചെയ്യണം,' ഡൽഹി സർവകലാശാല അറിയിച്ചു.

വിദ്യാർഥികൾക്കായി കോളേജ് കാന്റീൻ തുറന്നിട്ടുണ്ടെന്നും എ ആർ എസ് ഡി അധികൃതർ അറിയിച്ചു. സമീപത്തെ കമ്മ്യൂണിറ്റി സെന്ററിലും ഗുരുദ്വാരയിലും താൽക്കാലിക താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ തിങ്കളാഴ്ച വീണ്ടും വിലയിരുത്തുമെന്നും അധികൃതർ അറിയിച്ചു.

സത്യ നികേതൻ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തും പരിസരങ്ങളിലും താമസിക്കുന്ന മൈത്രേയി കോളേജ് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ വിദ്യാർഥികൾക്ക് താമസസൗകര്യം ഒരുക്കുമെന്നും കോളേജ് അറിയിച്ചു.

വിദ്യാർഥികൾ കോളേജ് തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കാനും കൂട്ടമായി സഞ്ചരിക്കാനും സുരക്ഷിതമല്ലാത്ത മേഖലകളിലൂടെയുള്ള യാത്ര ഒഴിവാക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് അവയുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.