ന്യൂഡല്‍ഹി: ഇന്ത്യയിലെ കപ്പല്‍ നിര്‍മാണ മേഖലയില്‍ നിക്ഷേപം നടത്താന്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഹെവി ഇന്‍ഡസ്ട്രീസ് (എസ് എച്ച് ഐ) ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിലെ കപ്പല്‍ശാലകളില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഓര്‍ഡറുകള്‍ നിറഞ്ഞതോടെ പുതിയ ഓര്‍ഡറുകള്‍ ഏറ്റെടുക്കാന്‍ ശേഷിയില്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യയെ ബദല്‍ നിര്‍മാണ കേന്ദ്രമായി കമ്പനി പരിഗണിക്കുന്നത്. ഗുജറാത്തിലെ പിപാവാവിലുള്ള സ്വാന് ഡിഫന്‍സ് ആന്‍ഡ് ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി (എസ് ഡി എച്ച് ഐ) നിലവിലുള്ള സഹകരണം വിപുലീകരിക്കുന്നതിനും കേരളത്തിലെ കൊച്ചിന് ഷിപ്പ്യാര്ഡുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനും സാധ്യതയുണ്ടെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
സാംസങ് ഹെവി ഇന്‍ഡസ്ട്രീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കും ഇന്ത്യന്‍ വിപണിക്കും ആവശ്യമായ കപ്പലുകള്‍ നിര്‍മിക്കുന്നതിന് ഇന്ത്യയില്‍ അധിക ഉത്പാദന സൗകര്യം ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഇന്ത്യയില്‍ കപ്പല്‍ നിര്‍മാണ സൗകര്യത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്നും വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര, ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് സഹായിക്കുമെന്നും കമ്പനി ഉദ്യോഗസ്ഥന് മിന്റിനോട് വ്യക്തമാക്കി.
ഗുജറാത്തിലെ പിപാവാവിലുള്ള സ്വാന് ഡിഫന്‍സ് ആന്‍ഡ് ഹെവി ഇന്‍ഡസ്ട്രീസുമായി സാംസങ് നിലവില്‍ തന്ത്രപരമായ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സഹകരിക്കുന്നുണ്ട്. വാണിജ്യ കപ്പല്‍ നിര്‍മാണം, ഹെവി എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ പരിശോധിക്കുന്നതിനുള്ള ഈ ധാരണാപത്രം സംയുക്ത നിക്ഷേപ കരാറാക്കി മാറ്റാനുള്ള സാധ്യതയും കമ്പനി പരിഗണിക്കുന്നുണ്ട്.
ടാങ്കറുകള്‍, ഗ്യാസ് കാരിയറുകള്‍, കണ്ടെയ്നര്‍ കപ്പലുകള്‍, മറ്റ് പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള കപ്പലുകള്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ ലൈസന്‍സ് അടിസ്ഥാനമാക്കിയുള്ള സഹകരണ മാതൃകയിലാണ് സാംസങ് പ്രവര്‍ത്തിക്കുന്നത്. കപ്പലുകളുടെ ഡിസൈന്‍, എന്‍ജിനീയറിങ്, നിര്‍മാണത്തിനാവശ്യമായ സാമഗ്രികളുടെ പാക്കേജ് എന്നിവ സാംസങ് നല്കുമ്പോള് നിര്‍മാണ ചുമതല സ്വാന് ഡിഫന്‍സ് ആന്‍ഡ് ഹെവി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ട പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഓഹരി നിക്ഷേപത്തിലേക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നോര്‍വേ ആസ്ഥാനമായ റെഡറീറ്റ് സ്റ്റെന്‍സെന്‍ കമ്പനിക്കായി ആറ് കെമിക്കല്‍ ടാങ്കറുകളും നിയോ ഫണ്ടിനായി നാല് കാംസാര്മാക്സ് ബള്‍ക്ക് കാരിയറുകളും നിര്‍മിക്കുന്നതിനുള്ള ഓര്‍ഡറുകള്‍ സ്വാന് ഡിഫന്‍സ് ആന്‍ഡ് ഹെവി ഇന്‍ഡസ്ട്രീസ് നിലവില്‍ നടപ്പാക്കിവരികയാണ്.
ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം നാല് ഡ്യുവല്‍ ഫ്യൂവല്‍ സംവിധാനത്തിന് അനുയോജ്യമായ മീഡിയം റേഞ്ച് പ്രൊഡക്ട് ടാങ്കറുകള്‍ നിര്‍മിക്കുന്നതിനായി ക്ഷണിച്ച ടെന്‍ഡറിലും കമ്പനി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതായി മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഗുജറാത്തിലെ പിപാവാവില് മാത്രമല്ല, ഇന്ത്യയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പുതിയ മാരിടൈം ക്ലസ്റ്ററുകളിലും ഹരിതപദ്ധതികള്‍ (ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍) ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ സാംസങ് പരിശോധിക്കുന്നുണ്ട്.
ഇതിനുപുറമെ, കേരളത്തില്‍ കപ്പല്‍ ബ്ലോക്ക് നിര്‍മാണ സൗകര്യം സ്ഥാപിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡുമായി സഹകരിക്കുന്നതിനുള്ള സാധ്യതയും കമ്പനി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ നീക്കം യാഥാര്‍ഥ്യമാകുകയാണെങ്കില്‍ കേരളത്തിലെ കപ്പല്‍ നിര്‍മാണ മേഖലയ്ക്കും വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ അവസരങ്ങള്‍ തുറന്നേക്കും. വിദേശ നിക്ഷേപവും സാങ്കേതികവിദ്യയും ലഭിക്കുന്നതിലൂടെ പ്രാദേശിക വ്യവസായങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
