എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചതായി അറിയില്ലെന്ന് റഷ്യ

എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചതായി അറിയില്ലെന്ന് റഷ്യ


മോസ്‌കോ: റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന യു എസ് പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ റഷ്യ രംഗത്ത്. തങ്ങളുടെ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. 

എണ്ണ വാങ്ങല്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇന്ത്യയില്‍ നിന്നും ഔദ്യോഗിക വിവരമൊന്നും ലഭിച്ചില്ലെന്നാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ റഷ്യ സൂക്ഷ്മമായി വിശലകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- യു എസ് ഉഭയകക്ഷി ബന്ധത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് തങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നു ദിമിത്രി പറഞ്ഞു.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചെപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ എണ്ണയ്ക്ക് പകരമായി ഇന്ത്യ യു എസില്‍ നിന്നും വെനസ്വേലയില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ സമ്മതിച്ചെന്നാണ് ട്രംപും വൈറ്റ് ഹൗസും പറയുന്നത്. എന്നാല്‍ ഇന്ത്യ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റഷ്യ പ്രതികരണവുമായി എത്തിയത് എന്നത് ശ്രദ്ധേയമാണ്.