ന്യൂഡൽഹി: സി.പി.എം കേന്ദ്ര ആസ്ഥാനമായ ഡൽഹി എ.കെ.ജി ഭവനിലേക്ക് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ഇരച്ചുകയറിയ സംഭവം പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭയിൽ ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എം.പി. സി.ജെ.പി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ പൊലീസ് വേട്ടയെന്ന് ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ കുറ്റപ്പെടുത്തി.
നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ജന്തർ മന്ദിറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മുൻ ജെ.എൻ.യു യൂണിയൻ പ്രസിഡൻ്റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാനാണ് ഡൽഹി പൊലീസ് സംഘം പാർട്ടി ഓഫീസിൽ എത്തിയത്. ഔദ്യോഗിക യൂണിഫോമോ നെയിംപ്ലേറ്റോ ധരിക്കാതെ, സിവിലിയൻ വേഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്. ഇതിനെയാണ് ബ്രിട്ടാസ് ചോദ്യം ചെയ്‌തത്.
ടിഎംസി, ജെഎംഎം അടക്കം പുറത്തെ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നും സൻസദ് ടിവിയിൽ പ്രതിഷേധം കാണിക്കാതെ ഇരുന്നത്തുകൊണ്ട് സമരങ്ങളുടെ വേലിയേറ്റം ഇല്ലാതാവില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. പൊലീസ് നടപടിയെ വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ ആസ്ഥാനത്തുണ്ടായ നടപടി ഒരു തരത്തിലും അംഗികരിക്കാനാവില്ലെന്നും ജനാധിപത്യവും ജനങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്നും സിപിഎം ഓഫീസിൽ കയറിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു. തുടർന്ന് ബ്രിട്ടാസിനെതിരെ മന്ത്രി ജെ.പി. നദ്ദ രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് തന്നെ ക്ലാസ് മുറിയിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടുണ്ടെന്ന് നദ്ദ പറഞ്ഞു. പൊലീസിൻ്റേത് സാധാരണ നടപടിക്രമമെന്നും നദ്ദ ന്യായീകരിച്ചു.
സിപിഎം ഓഫീസില്‍ ഡല്‍ഹി പൊലീസ് കയറിയതിനെ രാജ്യസഭയില്‍ ചോദ്യം ചെയ്‌ത് ജോണ്‍ ബ്രിട്ടാസ്; വിദ്യാര്‍ഥി വേട്ടക്കെതിരെ പാര്‍ലമെൻ്റില്‍ പ്രതിപക്ഷ ബഹളം
