മുംബൈ: നിയമവിരുദ്ധമായി ഇന്ത്യയില്‍ കടന്നുവരുന്നവരെ കണ്ടെത്തി പൊലീസിനെ അറിയിക്കണമെന്ന് ആഹ്വാനം ചെയ്ത് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. മുംബൈയില്‍ ആര്‍ എസ് എസിന്റെ 100 വര്‍ഷത്തെ യാത്ര പുതിയ ദിശകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുഴഞ്ഞു കയറ്റം നടത്തിയ എത്തുന്നവര്‍ക്ക് തൊഴില്‍ നല്‍കാതിരിക്കണമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. എസ് ഐ ആര്‍ നടപടികളിലൂടെ ഇതിനകം തന്നെ രാജ്യത്ത് താമസിക്കുന്ന 'വിദേശികളെ' കണ്ടെത്തിയതായി ഭാഗവത് പറഞ്ഞു. എസ് സി- എസ് ടി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ ഏതു വ്യക്തിക്കും ആര്‍ എസ് എസ് മേധാവിയായ സര്‍സംഘചാലക് ആകാമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. ജാതി അടിസ്ഥാനത്തിലുള്ള സംവരണങ്ങള്‍ ആവശ്യമുള്ളിടത്തോളം തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചെയ്യാനുള്ള കാര്യങ്ങള്‍ ഏറെയാണ്. അവരെ കണ്ടെത്തുകയും നാടുകടത്തുകയും വേണം. ഇതുവരെ അത് ഫലപ്രദമായി നടന്നിരുന്നില്ല. ഇപ്പോള്‍ പതുക്കെ ആരംഭിച്ചിട്ടുണ്ട്, തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ഇത് വര്‍ധിക്കും. സെന്‍സസ് അല്ലെങ്കില്‍ എസ് ഐ ആര്‍ നടക്കുമ്പോള്‍ ഈ രാജ്യത്തിന്റെ പൗരന്മാരല്ലാത്ത നിരവധി പേര്‍ പുറത്തുവരും. അത്തരം ആളുകള്‍ സ്വാഭാവികമായി പ്രക്രിയയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും ഭാഗവത് പറഞ്ഞു.
നമുക്ക് ചെയ്യാനാകുന്ന കാര്യം അവരെ കണ്ടെത്തുകയെന്നതാണ്. അവരുടെ ഭാഷ തന്നെ അവരെ വെളിപ്പെടുത്തും. നാം അവരെ കണ്ടെത്തി ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ചിലര്‍ വിദേശികളാകാമെന്ന് സംശയമുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കണം. അവര്‍ അന്വേഷണം നടത്തി നിരീക്ഷിക്കട്ടെ. നാം കൂടി ശ്രദ്ധിക്കണം. വിദേശികള്‍ക്ക് തൊഴില്‍ നല്‍കരുത്. നമ്മുടെ രാജ്യക്കാരാണെങ്കില്‍ തൊഴില്‍ നല്‍കാം, എന്നാല്‍ വിദേശികള്‍ക്ക് വേണ്ട. എല്ലാവരും കൂടുതല്‍ ജാഗ്രതയും അവബോധവും പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍, ബ്രാഹ്മണന്‍ എന്ന നിലകള്‍ സര്‍സംഘചാലക് പദവിക്ക് അര്‍ഹത നിശ്ചയിക്കുന്നില്ല. പ്രവര്‍ത്തനക്ഷമതയുള്ള ഹിന്ദുവാണ് ആ പദവിയിലെത്തുക. അത് എസ്സിയിലോ എസ് ടിയിലോ നിന്നുള്ള ഒരാളായിരിക്കാം.
കര്‍ഷകക്ഷേമം മുന്‍ഗണന നല്‍കണമെന്നും ജൈവകൃഷിയെ കേന്ദ്രീകരിച്ച സമീപനം ആവശ്യമാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു എസ്, യൂറോപ്യന്‍ യൂണിയന്‍, യു കെ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളെ അദ്ദേഹം പ്രശംസിച്ചു.
