പ്രശസ്ത ഫോട്ടോജേര്‍ണലിസ്റ്റ് രഘു റായ് അന്തരിച്ചു

പ്രശസ്ത ഫോട്ടോജേര്‍ണലിസ്റ്റ് രഘു റായ് അന്തരിച്ചു


ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഫോട്ടോജേര്‍ണലിസ്റ്റായ രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാന്‍സറും പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും മൂലം കഴിഞ്ഞ കുറച്ച് കാലമായി ചികിത്സയില്‍ തുടരുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.

രണ്ടുവര്‍ഷം മുമ്പ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും അത് ചികിത്സിച്ച് ഭേദമായിരുന്നു. തുടര്‍ന്ന് വയറ്റിലേക്കും പിന്നീട് മസ്തിഷ്‌കത്തിലേക്കും രോഗം വ്യാപിച്ചതായും മകന്‍ നിതിന്‍ റായ് വ്യക്തമാക്കി.

ഇന്ത്യയുടെ വിവിധ മുഖങ്ങള്‍ ക്യാമറയിലൂടെ പകര്‍ത്തിയ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറായിരുന്നു രഘു റായ്. സാമൂഹികവും രാഷ്ട്രീയവുമായ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പതിഞ്ഞിരുന്നു.

സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ന്യൂഡല്‍ഹിയിലെ ലോധി ക്രിമേഷന്‍ ഗ്രൗണ്ടില്‍  നടക്കുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ ഗുര്‍മീത്, മകന്‍ നിതിന്‍, പുത്രിമാരായ ലഗന്‍, അവനി, പുര്വായി എന്നിവരാണ് അടുത്ത ബന്ധുക്കള്‍.