ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങൾ പരിശോധിക്കാൻ സിബിഐയോടും ഇഡിയോടും നിർദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
രാഹുൽഗാന്ധിക്കെതിരെ സമർപ്പിച്ച ഈ ഹർജി നിലനിൽക്കുമോ എന്നതടക്കമുള്ള കാര്യങ്ങൾ വീണ്ടും പരിഗണിക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തന്നെ ഹർജി തിരിച്ചയക്കുകയും ചെയ്തു. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുൻപാകെ പുതിയ ബെഞ്ച് രൂപീകരിച്ച് വീണ്ടും പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം.
കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പ്രവർത്തകനായ എസ്. വിഘ്നേഷ് ശിശിർ നൽകിയ പരാതിയിലാണ് അലഹബാദ് ഹൈക്കോടതി കേന്ദ്ര ഏജൻസികളോട് പരിശോധന നടത്താൻ നിർദേശിച്ചത്. രാഹുൽ ഗാന്ധിക്കും കുടുംബാംഗങ്ങൾക്കും വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നായിരുന്നു ആരോപണം. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എസ് വിഗ്നേഷ് ശിശിര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാന്‍, ഹൈക്കോടതി സിബിഐയോടും ഇഡിയോടും നിര്‍ദേശിക്കുകയായിരുന്നു.
എന്നാൽ ഹരജിക്കാരന് ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കാന്‍ നിയമപരമായ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സുപ്രീംകോടതി, അലഹബാദ് ഹൈക്കോടതിയോട് തങ്ങളുടെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് വാദം കേള്‍ക്കാന്‍ അവസരം നല്‍കാതെ ഹൈക്കോടതി എന്തുകൊണ്ടാണ് ഈ കേസില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും കോടതി ചോദിച്ചു.
സിബിഐ സമർപ്പിച്ച സത്യവാങ്മൂലം തങ്ങളുടെ മുൻ ഉത്തരവിന് അനുസൃതമല്ലെന്നും, രാഹുൽ ഗാന്ധിയുടെ സ്വത്തുമായി ബന്ധപ്പെട്ട് പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങളിൽ എന്തൊക്കെ പുരോഗതിയുണ്ടായെന്ന് അതിൽ വ്യക്തമായി പ്രതിപാദിച്ചിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ന്യൂഡൽഹിയിലെ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം ആസ്ഥാനത്തെ ജോയിൻ്റ് ഡയറക്ടറോ അല്ലെങ്കിൽ ബന്ധപ്പെട്ട സോണൽ മേധാവിയോ നേരിട്ട് ഹാജരായി, കേസിൽ കൈവരിച്ച പുരോഗതി വിശദീകരിച്ചുകൊണ്ട് പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇന്ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ഈ ഉത്തരവോടെ, രാഹുൽ ഗാന്ധിക്ക് താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ബിജെപി നേതാവ് നേരത്തെയും ഹർജികൾ സമർപ്പിച്ചിരുന്നു.
രാഹുൽ ഗാന്ധിക്കെതിരായ സ്വത്ത് സമ്പാദന ആരോപണം; അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
