ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും അടുത്തകാലത്തായി റിപ്പോർട്ട് ചെയ്ത ക്രൂരമായ കൂട്ടമാനഭംഗ സംഭവങ്ങളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹി വരെ ബസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവവും ഡൽഹിയിലെ ഒരു പാർക്കിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവവും മുൻനിർത്തിയാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. സംഭവങ്ങൾക്ക് 2012ലെ നിർഭയ കേസുമായി "വേദനാജനകമായ സാമ്യങ്ങൾ" ഉണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചാണു വിഷയത്തിൽ ഇടപെട്ടത്. ക്രമസമാധാന പാലനത്തിലും ഭരണനിർവഹണത്തിലുമുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യതലസ്ഥാനത്ത് ഇത്തരം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും അവ തടയുന്നതിൽ സുരക്ഷാ സേനകൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ഡൽഹി-എൻസിആർ മേഖലയിൽനിന്നുള്ള മാനഭംഗ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് അടിസ്ഥാനപരമായ സുരക്ഷ ഉറപ്പാക്കുന്നതിൽ നിയമനിർവഹണ ഏജൻസികൾക്കും ഭരണകൂടത്തിനും സംഭവിച്ച വ്യവസ്ഥാപിതമായ പരാജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. മതിയായ വെളിച്ചമില്ലായ്മ, നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം, മറ്റു ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം പാർക്കുകളും ബസുകളും ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങൾ അപകടമേഖലകളായി മാറാൻ അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് പർദിവാല കൂട്ടിച്ചേർത്തു.
കേവലം അനുതാപം പ്രകടിപ്പിച്ചതുകൊണ്ടു മാത്രം കാര്യമായില്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ കൃത്യമായ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. 2012ലെ നിർഭയ സംഭവവുമായി വേദനാജനകമായ സാമ്യതകൾ കാണാതിരിക്കാൻ കഴിയില്ലെന്നു ജസ്റ്റീസ് പർദിവാല നിരീക്ഷിച്ചു.
മൂവിംഗ് സ്ലീപ്പർ ബസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ, ബസിന്റെ ജനലുകളിൽ കർട്ടനുകൾ ഉണ്ടായിരുന്നത് പ്രതികൾ മുതലാക്കുകയായിരുന്നു. കൂടാതെ, 2012ലെ നിർഭയ കേസിനുശേഷം നിയമപരമായി നിർബന്ധമാക്കിയിരുന്ന സിസിടിവി കാമറകൾ ബസിൽ പ്രവർത്തനക്ഷമമായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
നോയിഡയിൽ വച്ച് ബസിനുള്ളിൽ
ഓഗസ്റ്റിൽ ബസിൽ നടന്ന സംഭവം: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്ന് നോയിഡയിലേക്കു യാത്ര ചെയ്യുകയായിരുന്ന 16കാരി ഗ്രേറ്റർ നോയിഡയിൽ വച്ച് സ്ലീപ്പർ ബസിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായി. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്നു പീഡിപ്പിച്ചശേഷം പെൺകുട്ടിയെ 40 കിലോമീറ്ററോളം അകലെയുള്ള പഴയ ഡൽഹിയിലെ കാഷ്മീരി ഗേറ്റിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ഇരുപ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൽക്കാജിയിലെ പാർക്കിൽ
ജന്മദിനത്തിൽ തെക്കൻ ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിൽ ദർശനത്തിനു പോയ 17കാരി സമീപത്തെ പാർക്കിൽ വച്ച് ആക്രമിക്കപ്പെട്ടു. പൊലിസുകാരെന്ന വ്യാജേനയെത്തിയ സംഘമാണ് പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്.
'നിർഭയ കേസിനു സമാനം': ഡൽഹിയിലെ രണ്ട് കൂട്ടബലാത്സംഗ സംഭവങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
