ന്യൂഡല്‍ഹി: സി ജെ പിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സജീവമായി പങ്കെടുത്ത് രഞ്ജിനി ഹരിദാസ്. ജാന്‍മണി, സിജ റോസ്, നോയ്ല ഫ്രാന്‍സി തുടങ്ങിയ നടിമാരും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയിരുന്നു.
ഭരിക്കുന്ന പാര്‍ട്ടിക്കല്ല നിലപാടുകള്‍ക്കെതിരേയാണ് സംസാരിക്കുന്നതെന്നും അതിനെ എന്തിനാണ് ഭയക്കുന്നതെന്നും രഞ്ജിനി ഹരിദാസ് ചോദിച്ചു. വളരെ സമാധാനപരമായി നടത്തിയിരുന്ന പ്രതിഷേധത്തെ അക്രമാസക്തമാക്കി മാറ്റിയത് ഫോഴ്‌സാണ്. പൊലീസ് കുറച്ചു കൂടി മാന്യമായാണ് പെരുമാറുന്നതെന്നും രഞ്ജിനി പറഞ്ഞു. മാര്‍ച്ചില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും വിഡിയോയും രഞ്ജിനി സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്.
ക്രൂരമായിട്ടാണ് പൊലീസ് പെരുമാറിയതെന്ന് നോയ്ല പറഞ്ഞു. സുരക്ഷിതയായി സംസാരിക്കാന്‍ കഴിയുന്നതു തന്നെ അത്ഭുതമാണ്. കാരണം തലങ്ങു വിലങ്ങും ആളുകളെ അടിക്കുകയാണ്.
ഒരുപാട് പേര്‍ക്ക് പരുക്കേറ്റു. ചോര വാര്‍ന്നൊഴുകുന്ന അവരെ കാണുന്നത് സഹിക്കാന്‍ കഴിയുന്നില്ല. മനസാകെ മടുത്തു. ഇങ്ങനെയല്ല ജനാധിപത്യ രാജ്യം പ്രവര്‍ത്തിക്കേണ്ടതെന്നും നോയ്ല പറഞ്ഞു.
രാജ്യം ഭരിക്കാനാണ് നിങ്ങളെ തെരഞ്ഞെടുത്തതെന്നും അതിനര്‍ഥം നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ തങ്ങളെ കേള്‍ക്കുക എന്നതാണെന്നും പറഞ്ഞ രഞ്ജിനി ഹരിദാസ് പൊലീസ് ചുറ്റുപാടും ബാരിക്കേഡുകള്‍ വച്ചിരിക്കുകയാണെന്നും പുറത്തു നിന്ന് അകത്തേക്കും അകത്തു നിന്ന് പുറത്തേക്കും പോകാനാകാത്ത അവസ്ഥയാണെന്നും വെള്ളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണെന്നും പറഞ്ഞു. സമരക്കാരെ ക്ഷീണിപ്പിക്കാനാണ് ഫോഴ്‌സ് ശ്രമിക്കുന്നത്. പക്ഷേ കാലാവസ്ഥ കരുണ കാണിക്കുന്നുണ്ടെന്നും അന്തരീക്ഷം തണുത്തതാണെന്നും രഞ്ജിനി പറഞ്ഞു.
സമരക്കാര്‍ക്കു നേരെ എറിയാനായി ഒരു ലോറി കല്ലുമായാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എത്തിയതെന്നും യാതൊരു കരുണയുമില്ലാതെയാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് പെരുമാറുന്നതെന്നും രഞ്ജിനി ആരോപിച്ചു.
