രാമക്ഷേത്ര ട്രസ്റ്റ് മേധാവി ചംപത് റായ് രാജിവച്ചു; തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നു

രാമക്ഷേത്ര ട്രസ്റ്റ് മേധാവി ചംപത് റായ് രാജിവച്ചു; തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നു


ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ കാണിക്ക തട്ടിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചംപത് റായ് രാജിവെച്ചതായി റിപ്പോര്‍ട്ട്. ട്രസ്റ്റംഗം അനില്‍ മിശ്രയും സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ സംഭാവനാ തുകയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇരുവരുടെയും രാജി.

തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എഫ് ഐ ആറില്‍ പേരുള്ള എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.

ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹനാണ് പരാതി നല്‍കിയത്. തട്ടിയെടുത്ത തുക ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതായി രേഖപ്പെടുത്തി ക്രിമിനല്‍ ഗൂഢാലോചനയിലൂടെ ദുരുപയോഗം നടത്തിയെന്നാണ് പരാതിയിലെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് യാദവ്, രാജേഷ് പാഥക്, രാമശങ്കര്‍ യാദവ് (ടിന്നു യാദവ്), അവിനാഷ് ശുക്ല, കരുണേഷ് പാണ്ഡെ, സുഭാഷ് ശ്രീവാസ്തവ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പേരെയാണ് എഫ് ഐ ആറില്‍ പ്രതിചേര്‍ത്തത്. ഇവരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അയോധ്യയിലെ സമാജ്വാദി പാര്‍ട്ടി മുന്‍ എം എല്‍ എ പവന്‍ പാണ്ഡെ രാമക്ഷേത്രത്തിലെ 7 മുതല്‍ 7.5 കോടി രൂപ വരെ വരുന്ന സംഭാവനാ തുക തട്ടിയെടുത്തതായി ആരോപണം ഉന്നയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥനപ്രകാരം ജൂണ്‍ 14ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും ശിപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് ഔദ്യോഗിക പരാതി രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വസ്തുതകള്‍ പുറത്തുവരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.