രാമക്ഷേത്ര തട്ടിപ്പ്; കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആര്‍ എസ് എസ്

രാമക്ഷേത്ര തട്ടിപ്പ്; കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആര്‍ എസ് എസ്


ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ഭക്തരുടെ കാണിക്കപ്പണം തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ആര്‍ എസ് എസ്. സംഭവം അത്യന്തം വേദനാജനകവും അപലപനീയവുമാണെന്ന് വിശേഷിപ്പിച്ച ആര്‍ എസ് എസ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ക്ഷേത്രഭരണത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ആര്‍ എസ് എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തലമുറകളായി അനേകം രാമഭക്തര്‍ നടത്തിയ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായാണ് ശ്രീരാമ ജന്മഭൂമി ക്ഷേത്രം ഹിന്ദുസമൂഹത്തിന്റെ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതീകമായി മാറിയതെന്നും തട്ടിപ്പ് സംഭവം രാജ്യത്തുടനീളമുള്ള രാമഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥന പ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) രൂപവത്കരിക്കുകയും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് മാതൃകാപരമായ കര്‍ശന ശിക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടു.

സംഭവത്തെ അസാധാരണ ഗൗരവമുള്ള വിഷയമായി കണ്ട് ക്ഷേത്രഭരണത്തിലും പ്രവര്‍ത്തന സംവിധാനങ്ങളിലും ഉണ്ടായ എല്ലാ പോരായ്മകളും അടിയന്തരമായി പരിഹരിക്കാന്‍ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് നടപടി സ്വീകരിക്കണമെന്നും ഹൊസബാളെ ആവശ്യപ്പെട്ടു. കോടിക്കണക്കിന് ഭക്തരുടെ അയോധ്യാ രാമക്ഷേത്രത്തിലുള്ള വിശ്വാസം അചഞ്ചലമായി നിലനില്‍ക്കുകയും നിലവിലെ ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമാകുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ സംഭവത്തെ മറയാക്കി ഹിന്ദുമതത്തെയും ഹിന്ദുസമൂഹത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഹിന്ദുവിരുദ്ധ- രാജ്യവിരുദ്ധ ശക്തികളുടെ നീക്കങ്ങളെ ചെറുക്കാന്‍ ഹിന്ദുസമൂഹം ക്ഷമയും സംയമനവും പാലിക്കണമെന്നും ആര്‍ എസ് എസ് ആഹ്വാനം ചെയ്തു.