അയോധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ വഴിപാടുതുക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ചംപത് റായിയെ പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തു.
വഴിപാടുതുക തട്ടിപ്പില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ചംപത് റായ് അന്വേഷണസംഘത്തോട് വ്യക്തമാക്കി. ഭക്തരുടെ വഴിപാടുകള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയ ജീവനക്കാര്‍ക്കെതിരെ ഇത്തരമൊരു ആരോപണം ഉയരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അംഗം അനില്‍ മിശ്രയെയും എസ് ഐ ടി ചോദ്യം ചെയ്തു. ആരോപണങ്ങളെ തുടര്‍ന്ന് ചംപത് റായും അനില്‍ മിശ്രയും ദിവസങ്ങള്‍ക്ക് മുമ്പ് ട്രസ്റ്റ് സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ട്രസ്റ്റ് അംഗങ്ങളായ അനില്‍ മിശ്രയ്ക്കും ഗോപാല്‍ റാവുവിനും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജൂലൈ 6ന് ചേരുന്ന ട്രസ്റ്റിന്റെ ആഭ്യന്തര യോഗത്തില്‍ ചംപത് റായുടെയും അനില്‍ മിശ്രയുടെയും രാജി പരിഗണിക്കുമെന്നാണ് സൂചന.
ചംപത് റായിക്കെതിരായ ആരോപണങ്ങള്‍ തള്ളി വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി) രംഗത്തെത്തി. ട്രസ്റ്റ് തന്നെയാണ് സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് വി എച്ച് പി അന്താരാഷ്ട്ര പ്രസിഡന്റ് ആലോക് കുമാര്‍ പറഞ്ഞു.
ആഭ്യന്തര പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏകദേശം 80 ലക്ഷം രൂപ തിരിച്ചുപിടിച്ചെന്നും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ട്രസ്റ്റ് ഔദ്യോഗികമായി അഭ്യര്‍ഥിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണവുമായി ചംപത് റായ് പൂര്‍ണമായി സഹകരിച്ചുവരികയാണെന്നും വി എച്ച് പി അറിയിച്ചു.
വിവാദം നിയമരംഗത്തും പ്രതിഷേധത്തിന് ഇടയാക്കി. അയോധ്യയിലെ ഫൈസാബാദ് ബാര്‍ അസോസിയേഷന്‍ കേസിലെ പ്രതികള്‍ക്കായി സംഘടനയിലെ ഒരു അഭിഭാഷകനും ഹാജരാകില്ലെന്ന് പ്രഖ്യാപിച്ചു. തീരുമാനം ലംഘിക്കുന്ന അഭിഭാഷകര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.
ചംപത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ മൂന്ന് ദിവസത്തിനകം അയോധ്യ വിട്ടുപോകണമെന്നും അല്ലാത്തപക്ഷം നഗരത്തില്‍ പ്രതിഷേധവും ഉപരോധവും സംഘടിപ്പിക്കുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചു.
അതേസമയം, കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി അവധിക്കുശേഷം പരിഗണിക്കാമെന്ന് അറിയിച്ചു.
അയോധ്യയില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി മുന്‍ എം എല്‍ എ പവന്‍ പാണ്ഡെ രാമക്ഷേത്രത്തിലേക്കുള്ള 7 മുതല്‍ 7.5 കോടി രൂപ വരെയുള്ള വഴിപാടുതുക തട്ടിയെടുത്തതായി ആരോപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥനപ്രകാരം ജൂണ്‍ 14ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എസ് ഐ ടിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക കേസ് രജിസ്റ്റര്‍ ചെയ്തത്.
എഫ് ഐ ആറില്‍ അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് യാദവ്, രാജേഷ് പാഥക്, രാമശങ്കര്‍ യാദവ് എന്ന ടിന്നു യാദവ്, അവിനാഷ് ശുക്ല, കരുണേഷ് പാണ്ഡെ, സുഭാഷ് ശ്രീവാസ്തവ എന്നിവരുള്‍പ്പെടെ എട്ട് പേരുടെ പേരുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
