സിന്ധ് പ്രദേശം ഇന്ത്യയിലേക്ക് മടങ്ങിയേക്കാമെന്ന് രാജ്‌നാഥ് സിംഗ്

സിന്ധ് പ്രദേശം ഇന്ത്യയിലേക്ക് മടങ്ങിയേക്കാമെന്ന് രാജ്‌നാഥ് സിംഗ്


ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാത് സിംഗിന്റെ പ്രസ്താവന. 1947ലെ വിഭജനത്തില്‍ പാകിസ്ഥാനിലേക്കു പോയ സിന്ധ് പ്രദേശം 'വീണ്ടും ഇന്ത്യയിലേക്കു മടങ്ങിയേക്കാം' എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഇന്ത്യാ വിഭജനത്തിന് മുമ്പ് സിന്ധ് ഊര്‍ജസ്വലമായ സംസ്‌കാരവും സിന്ധു നദീതടത്തിലെ സമ്പന്നമായ പൈതൃകവും കൊണ്ടു പ്രശസ്തമായിരുന്നു. വിഭജനത്തിന് ശേഷം സിന്ധിന്റെ ഭൂരിഭാഗം ഭാഗങ്ങളും പാകിസ്ഥാനിലേക്കു ചേര്‍ന്നു. സിന്ധില്‍ താമസിച്ചിരുന്ന സിന്ധി ഹിന്ദുക്കളില്‍ വലിയ വിഭാഗം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. ഈ വേര്‍പാടിനെ സിന്ധി ഹിന്ദുക്കളുടെ തലമുറ പ്രത്യേകിച്ച് എല്‍ കെ അദ്വാനിയുടേതുപോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഒരിക്കലും പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയുടെ മുഴുവന്‍ ഭാഗങ്ങളിലും ഹിന്ദുക്കള്‍ക്ക് സിന്ധു നദിക്ക് വലിയ പൗരാണിക പ്രാധാന്യമുണ്ടെന്നും സിന്ധിലെ പല മുസ്ലിംകള്‍ക്കും സിന്ധു നദിയുടെ ജലം മക്കയിലെ സംസത്തേക്കാള്‍  താഴെയല്ലെന്ന് വിശ്വാസം ഉണ്ടായിരുന്നുവെന്നും അദ്വാനി പറഞ്ഞതായി രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. 

സിന്ധ് ഇന്ത്യയുടെ ഭാഗമല്ലെങ്കിലും സംസ്‌കാരപരമായി അത് ഇന്ത്യയുമായി എപ്പോഴും ബന്ധപ്പെട്ടു നില്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുമോ എന്ന് പറയാനാകില്ലെന്നും സിന്ധു നദിയെ വിശുദ്ധമായി കണക്കാക്കുന്ന സിന്ധ് ജനങ്ങള്‍ അവര്‍ എവിടെയായാലും എപ്പോഴും നമ്മുടേതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.