ഇറ്റാനഗര്‍/ ഗുവാഹത്തി: കനത്ത മഴയെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിന്നല്‍പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായി. അരുണാചല്‍ പ്രദേശിലെ ലോവര്‍ സിയാങ് ജില്ലയില്‍ മാത്രം 14 ഗ്രാമങ്ങളിലായി 3,100-ലേറെ പേരെ ദുരന്തം ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. അസമില്‍ ആറു ജില്ലകളിലായി 22,000-ത്തിലധികം പേര്‍ പ്രളയക്കെടുതിയിലായിട്ടുണ്ട്.
ലോവര്‍ സിയാങ് ജില്ലയിലെ നാരി-കോയു നിയമസഭാ മണ്ഡലത്തില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നെല്‍ക്കൃഷിയിടങ്ങള്‍, സ്വകാര്യ സ്വത്തുക്കള്‍, പൊതുമരാമത്ത് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചതായി ജില്ലാ വിവര-പൊതുജനസമ്പര്‍ക്ക ഓഫീസര്‍ അഗസ്റ്റി ജമോ അറിയിച്ചു.
പല ഗ്രാമങ്ങളിലേക്കുമുള്ള റോഡ് ഗതാഗതം പൂര്‍ണമായും നിലച്ചതോടെ ഏകദേശം 500 കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജില്ലാ ഭരണകൂടം, ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, സംസ്ഥാന പൊലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. തകര്‍ന്ന റോഡുകള്‍ പുനഃസ്ഥാപിച്ച് ഒറ്റപ്പെട്ട പ്രദേശങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമം തുടരുകയാണ്.
പ്രളയത്തില്‍ നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചു. പന്നികള്‍, കോഴികള്‍ ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങളും ചത്തു. വീടുകള്‍ ഉപേക്ഷിച്ച് സമീപത്തെ വയലുകളിലെ താത്ക്കാലിക കുടിലുകളിലേക്ക് പലര്‍ക്കും അഭയം തേടേണ്ടിവന്നു. ഇതിനിടെ, വീടുടമകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിരിക്കെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.
അരുണാചല്‍ പ്രദേശിനൊപ്പം അസമിലും ദിവസങ്ങളായി തുടരുന്ന കനത്ത മഴ പ്രളയത്തിന് കാരണമായി. സംസ്ഥാനത്തെ ആറു ജില്ലകളിലായി 22,000-ത്തിലധികം പേര്‍ ദുരിതത്തിലായതായി അധികൃതര്‍ അറിയിച്ചു. ധേമാജി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
കനത്ത മഴയെ തുടര്‍ന്ന് നദീതീരങ്ങളില്‍ ശക്തമായ മണ്ണൊലിപ്പും അനുഭവപ്പെട്ടു. ധേമാജി ജില്ലയിലെ സിമെന്‍ നദിക്ക് കുറുകെയുള്ള റെയില്‍വേ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ആ പാതയിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ അറിയിച്ചു.
ധേമാജി ജില്ലയിലെ പ്രളയ സാഹചര്യം നേരിട്ട് നിരീക്ഷിച്ചുവരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസം, പുനരധിവാസം എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ രണ്ട് മുതിര്‍ന്ന മന്ത്രിമാരെ ദുരിതബാധിത മേഖലയില്‍ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.
