ന്യൂഡൽഹി: ട്രെയിനുകളിൽ തീപിടിത്ത സാധ്യതകൾ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ഫോൺ ചാർജിങ് അനുവദിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ. കോച്ചുകളിലെ ചാർജിങ് പോയിന്റുകൾ ഈ സമയത്ത് നിർബന്ധമായും ഓഫ് ചെയ്യണമെന്നാണ് റെയിൽവേയുടെ നിർദേശം. അടുത്തിടെ മൊബൈൽ ഫോണുകൾക്കും പവർ ബാങ്കുകൾക്കും തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.
നിർദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും റെയിൽവേ ബോർഡ് ഔദ്യോഗിക അറിയിപ്പിലൂടെ ആവശ്യപ്പെട്ടു. രാത്രി സമയത്തെ ചാർജിങ് നിയന്ത്രണത്തിൽ യാതൊരു ഇളവും അനുവദിക്കരുതെന്നും ട്രെയിനിലെ ജീവനക്കാർ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ജീവനക്കാർക്ക് ബോധവൽക്കരണവും പരിശീലനവും നൽകാനും നിർദേശമുണ്ട്.
ഒക്ടോബർ 24ന് സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ കീഴിൽ സർവീസ് നടത്തുന്ന മുംബൈ-ഹൗറ മെയിലിലെ എസി കോച്ചിൽ രാത്രി ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചിരുന്നു. നിശ്ചിത സമയത്ത് ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യുന്നതിൽ ട്രെയിനിലെ ജീവനക്കാർ വീഴ്ച വരുത്തിയതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടി.
ട്രെയിനുകളിലെ മൊബൈൽ ചാർജിങ് പോയിന്റുകൾ രാത്രി 11 മുതൽ പുലർച്ചെ 5 വരെ ഓഫ് ചെയ്യണമെന്ന നിർദേശം റെയിൽവേ ബോർഡ് നേരത്തേ നൽകിയിരുന്നു. ഈ നിർദേശം പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് കൃത്യമായ ഉത്തരവാദിത്തം നൽകണമെന്നാണ് പുതിയ നിർദേശത്തിലെ പ്രധാന കാര്യം.
നിശ്ചിത ആറു മണിക്കൂർ സമയപരിധിയിൽ ചാർജിങ് പോയിന്റുകൾ പ്രവർത്തനരഹിതമാക്കണം. ഇതിൽ വീഴ്ച വരുത്തുന്ന സാഹചര്യം ഒഴിവാക്കാൻ ഓൺബോർഡ് ജീവനക്കാരുടെ പ്രവർത്തനം നിരീക്ഷിക്കാനും ഉദ്യോഗസ്ഥർ അപ്രതീക്ഷിത പരിശോധനകൾ നടത്താനും നിർദേശിച്ചിട്ടുണ്ട്.
രാത്രിയിൽ ദീർഘദൂര ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരിൽ പലരും ഉറങ്ങുന്ന സമയത്താണ് ഈ നിയന്ത്രണം ബാധകമാകുന്നത്. ചാർജ് ചെയ്യുന്ന ഉപകരണത്തിൽ അമിതമായി ചൂടാകൽ, പുക ഉയരൽ, ബാറ്ററിയുമായി ബന്ധപ്പെട്ട തകരാറുകൾ തുടങ്ങിയവ സംഭവിച്ചാൽ ഉറങ്ങുന്ന യാത്രക്കാർക്ക് അത് ഉടൻ തിരിച്ചറിയാൻ കഴിയണമെന്നില്ല. അതിനാൽ, രാത്രിയിലെ ചാർജിങ് നിയന്ത്രണം യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന നടപടിയായാണ് റെയിൽവേ കാണുന്നത്. ജീവനക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷാ നടപടികളെക്കുറിച്ച് അവർക്കു പരിശീലനം നൽകാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
പവർ ബാങ്കുകളിൽ സാധാരണയായി റീചാർജ് ചെയ്യാവുന്ന ലിഥിയം അയൺ അല്ലെങ്കിൽ ലിഥിയം പോളിമർ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ബാറ്ററിക്ക് കേടുപാടുകൾ സംഭവിക്കുകയോ നിർമാണത്തിലെ തകരാർ, അമിതമായ ചൂട്, ആന്തരിക ഷോർട്ട് സർക്യൂട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ അപകടസാധ്യത വർധിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ബാറ്ററിയുടെ താപനില അതിവേഗം ഉയരുന്ന തെർമൽ റൺഅവേ എന്ന അവസ്ഥയുണ്ടാകാം. ഇതുമൂലം പുക ഉയരാനും തീപിടിക്കാനും ചില സാഹചര്യങ്ങളിൽ പൊട്ടിത്തെറി സംഭവിക്കാനും സാധ്യതയുണ്ട്.
ചാർജ് ചെയ്യുന്ന പവർ ബാങ്ക് തലയിണയ്ക്കടിയിലോ പുതപ്പിനുള്ളിലോ വായുസഞ്ചാരം കുറവുള്ള ബാഗിനുള്ളിലോ വെക്കുന്നതും അപകടസാധ്യത വർധിപ്പിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഉപകരണത്തിലെ ചൂട് പുറത്തേക്ക് പോകുന്നത് തടസ്സപ്പെടുകയും അസാധാരണമായ ചൂടോ ഗന്ധമോ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാൻ വൈകുകയും ചെയ്യാം. ട്രെയിൻ കോച്ചിനുള്ളിൽ ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് കൂടുതൽ ആശങ്കാജനകമാണ്. യാത്രക്കാർ ഒരേ പരിമിതമായ സ്ഥലത്ത് ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്ന സാഹചര്യത്തിൽ പുക കോച്ചിനുള്ളിൽ വ്യാപിക്കാം. ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഉപകരണത്തിൽ തീപിടിത്തം ഉണ്ടായാൽ അത് തിരിച്ചറിയാൻ വൈകാനും ഇടയുണ്ട്.
പ്രായമായവരും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാർ ഒരേ കോച്ചിൽ യാത്ര ചെയ്യുന്നതിനാൽ പുക ഉയരുകയോ തീപിടിക്കുകയോ ചെയ്താൽ പരിഭ്രാന്തി ഉണ്ടാവാനും സാധ്യതയുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ
റെയിൽവേ നിർദേശിച്ച സമയത്ത് ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ട്രെയിൻ ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. അതേസമയം, അനുവദിച്ച സമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ യാത്രക്കാർക്കും ചില മുൻകരുതലുകൾ സ്വീകരിക്കാം.
യഥാർഥവും ഉപകരണത്തിന് അനുയോജ്യവുമായ ചാർജറുകളും കേടുപാടുകളില്ലാത്ത കേബിളുകളും ഉപയോഗിക്കുക. വീർത്തതോ കേടായതോ ചൂടാകുന്നതോ ആയ മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ചാർജ് ചെയ്യുന്നത് ഒഴിവാക്കുക. ചാർജ് ചെയ്യുന്ന ഉപകരണങ്ങൾ തലയിണയ്ക്കടിയിലോ പുതപ്പിനുള്ളിലോ ചൂട് പുറത്തേക്ക് പോകുന്നത് തടസ്സപ്പെടുത്തുന്ന ഇടങ്ങളിലോ വെക്കരുത്. ചാർജിങ് സമയത്ത് ഉപകരണത്തിൻ്റെ ചൂടിൽ അസാധാരണമായ വർധനയുണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.
മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങളിൽ സാധാരണയായി ചാർജിങ് നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി പ്രത്യേക സർക്യൂട്ടുകൾ ഉണ്ടാകാറുണ്ട്. അതിനാൽ, ദീർഘനേരം ചാർജ് ചെയ്യുമ്പോഴെല്ലാം അപകടമുണ്ടാകുമെന്ന് പറയാനാവില്ല. എന്നാൽ ഉപകരണത്തിലോ ബാറ്ററിയിലോ തകരാർ സംഭവിച്ചാൽ അത് തിരിച്ചറിയാൻ വൈകുന്നത് അപകടസാധ്യത വർധിപ്പിക്കും.
രാത്രി പതിനൊന്ന് മുതൽ മൊബൈൽ ഫോൺ ചാർജിങ് ഇല്ല; വൈദ്യുതി വിച്ഛേദിക്കും, നിയന്ത്രണം കടുപ്പിച്ച് റെയിൽവേ
