ജന്തര്‍ മന്തറിലെ പെല്ലറ്റ് ആക്രമണം; എഫ് ഐ ആര്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സ്റ്റേഷന് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ ധര്‍ണ

ജന്തര്‍ മന്തറിലെ പെല്ലറ്റ് ആക്രമണം; എഫ് ഐ ആര്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സ്റ്റേഷന് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ ധര്‍ണ


ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചുള്ള പൊലീസ് നടപടിയില്‍ യുവാവിന് പരിക്കേറ്റെന്ന പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി.

ജൂലൈ 20ന് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ കോക്രോച്ച് ജന്താ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് പെല്ലറ്റ് തോക്കില്‍നിന്നുള്ള വെടിയേറ്റ് 19കാരനായ സാഹില്‍ ലോചബ് എന്ന യുവാവിന് പരിക്കേറ്റതെന്നാണ് ആരോപണം.

പൊലീസ് നടപടിക്കിടെ പെല്ലറ്റ് ഏറ്റ് സാഹിലിന്റെ കണ്ണിനും വയറിനും പരിക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

പരാതിയില്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് സാഹിലിനൊപ്പം രാഹുല്‍ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയത്. അഭിഭാഷകര്‍ക്കൊപ്പമാണ് സാഹില്‍ ഓഗസ്റ്റ് 14ന് ഡല്‍ഹി പൊലീസിനെ സമീപിച്ച് രേഖാമൂലം പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൊലീസ് പരാതിക്ക് ഐ ഒ നമ്പറോ സ്വീകരിച്ചതിന്റെ രേഖയോ നല്‍കിയില്ലെന്നാണ് ആരോപണം. ഓഗസ്റ്റ് 17ന് ഇ-മെയില്‍ വഴിയും ഫോണിലൂടെയും പരാതി വീണ്ടും പിന്തുടര്‍ന്നെങ്കിലും പൊലീസ് ഭാഗത്തുനിന്ന് ഐ ഒ നമ്പറോ മറ്റ് സ്ഥിരീകരണമോ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സാഹിലിനൊപ്പം ഡി സി പി ഓഫീസിലെത്തിയ രാഹുല്‍ ഗാന്ധി പരാതിയില്‍ നടപടി സ്വീകരിക്കണമെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ വിവരങ്ങളോ ഐ ഒ നമ്പറോ ഡി സി പി വീണ്ടും നല്‍കിയില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

പരാതിയില്‍ ആരോപിച്ചിരിക്കുന്ന സംഭവം തിരിച്ചറിയാവുന്ന കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. പരാതിയില്‍ അടിയന്തര നടപടി സ്വീകരിച്ച് ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും പൊലീസ് സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച് മുദ്രാവാക്യം വിളിച്ചതോടെ ഡല്‍ഹി പൊലീസ് പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പൊലീസ് സ്റ്റേഷന്റെ ഗേറ്റുകളും അടച്ചു.

കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി വാദ്രയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. സംഭവത്തില്‍ എഫ ്ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.